കാസര്‍കോട്: കായിക താരങ്ങള്‍ക്കു വേണ്ടി വാങ്ങിയ സ്‌പോര്‍ട്‌സ് കിറ്റുകള്‍ പൂഴ്ത്തി വച്ചുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് കാസര്‍കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായാണ് കാസര്‍കോട് വിദ്യാനഗര്‍, ഉദയഗിരിയിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലും വിജിലന്‍സ് പരിശോധന നടക്കുന്നത്.
കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ യൂണിറ്റ് ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ നായരുടെ നിര്‍ദ്ദേശ പ്രകാരം ഇന്ന് (ബുധന്‍) രാവിലെ 10.30 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഉച്ച കഴിഞ്ഞും പരിശോധന തുടരുകയാണ്. ഇന്‍സ്‌പെക്ടര്‍ എംവി ശ്രീദാസ്, എസ്‌ഐമാരായ രാധാകൃഷ്ണന്‍, സന്തോഷ്, ജയചന്ദ്രന്‍, റിജേഷ്, രമേശന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജേഷ്, ലിജിന്‍, ശ്രീജിത്ത്, വിഎം പ്രദീപ്, ജയന്‍ എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്. സ്‌പോര്‍ടസ് കൗണ്‍സിലിന്റെ പണ വിയോഗത്തിലെ അപാകതകള്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നടത്തിപ്പിലെ വീഴ്ചകള്‍, അനര്‍ഹരായ കായിക താരങ്ങളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ‘ഓപ്പറേഷന്‍ കളിക്കളം ‘എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്.







