അമ്പലത്തറ കള്ളനോട്ട് കേസ്; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം

കാസര്‍കോട്: അമ്പലത്തറ, ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നു 6.96 കോടിയുടെ നിരോധിത 2000 രൂപ നോട്ടുകള്‍ പിടികൂടിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. പെരിയ സി എച്ച് ഹൗസില്‍ അബ്ദുല്‍ റസാഖ് (51), മൗവ്വല്‍, പരയങ്ങാനം വീട്ടില്‍ സുലൈമാന്‍ (51) എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്)എയ്ഞ്ചല്‍ റോസ്‌ജോസ് ജാമ്യം നല്‍കിയത്. മാര്‍ച്ച് 20ന് ആണ് അബ്ദുല്‍ റസാഖിന്റെ വാടക വീട്ടില്‍ നിന്നു 2000 രൂപയുടെ കള്ള നോട്ടുകള്‍ പിടികൂടിയത്. 28 മണിക്കൂറോളം നേരം 20 പൊലീസുകാര്‍ ചേര്‍ന്നാണ് നോട്ടുകള്‍ എണ്ണിതീര്‍ത്തത്. കള്ളനോട്ടുകള്‍ പിടികൂടിയതോടെ ഒളിവില്‍ പോയ അബ്ദുല്‍ റസാഖിനെയും സുലൈമാനെയും വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ പുലര്‍ച്ചെയോടെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇരുവരെയും അമ്പലത്തറയില്‍ എത്തിച്ചത്. പിന്നീട് ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും വിവിധ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. നോട്ട് തട്ടിപ്പു വഴി പണം സമ്പാദിക്കുന്നതിനാണ് കള്ളനോട്ടുകള്‍ ഉപയോഗിച്ചതെന്നാണ് പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ഇത്രയും അധികം കള്ളനോട്ടുകള്‍ എന്തിനാണ് സൂക്ഷിച്ചതെന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനായിട്ടില്ല. എവിടെ നിന്നാണ് നോട്ടുകള്‍ അച്ചടിച്ചതെന്നോ ആരാണ് അടിച്ചതെന്നോ ഉള്ള ചോദ്യങ്ങളും തുടരുകയാണ്. ചോദ്യം ചെയ്യലിനു ശേഷം സുലൈമാനെ മൗവ്വല്‍, പരയങ്ങാനത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തി തെളിവെടുപ്പു നടത്തി. ഇവിടെ നിന്നു നാലോളം കള്ളനോട്ടുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു ശേഷമാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം സുലൈമാനു ജാമ്യം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഒരു സംഘം ആള്‍ക്കാര്‍ പടക്കം പൊട്ടിച്ചതായി പൊലീസ് പറഞ്ഞു. ഇവര്‍ ആരൊക്കെയാണെന്നും കള്ളനോട്ടു കേസിലെ പ്രതിയുമായി ഇയാള്‍ക്കു എന്തു ബന്ധമാണുള്ളതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page