കുട്ടിക്കാലത്ത് മുത്തശ്ശി കുളിപ്പിക്കുന്ന ചിത്രം ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്തയാളുടെ ഇ-മെയില്‍ അക്കൗണ്ട് ഗൂഗിള്‍ ബ്ലോക്ക് ചെയ്തു. രണ്ട് വയസ്സുള്ളപ്പോള്‍ മുത്തശ്ശി തന്നെ കുളിപ്പിക്കുന്ന ഫോട്ടോ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്തതിനാണ് അഹമ്മദാബാദ് സ്വദേശിയായ യുവാവിന്റെ ഇ-മെയില്‍ അക്കൗണ്ട് മരവിപ്പിച്ചത്. നീല്‍ ശുക്ല എന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് കുട്ടിക്കാലത്ത് മുത്തശ്ശിയെ കുളിപ്പിക്കുന്ന ചിത്രം ഉള്‍പ്പെടെയുള്ള ബാല്യകാല ഫോട്ടോകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ‘ബാലപീഡനം’ എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇ-മെയില്‍ അക്കൗണ്ട് ഉപയോഗിക്കാനാകാത്തതിനെ തുടര്‍ന്ന് യുവാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് വൈഭവി ഡി നാനാവതി ഗൂഗിളിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാര്‍ച്ച് 26 നകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണിപ്പോള്‍.
ഇ-മെയില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനാല്‍ ശുക്ലയ്ക്ക് ഇമെയിലുകള്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നും ഇത് തന്റെ ബിസിനസിന് നഷ്ടമുണ്ടാക്കിയെന്നും ശുക്ഷ പറഞ്ഞു. തന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ലിങ്ക് ചെയ്തിരിക്കുന്ന ഡാറ്റകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായും, അതിനാല്‍ അടിയന്തര വാദം കേള്‍ക്കണമെന്നും ശുക്ല കോടതിയോട് ആവശ്യപ്പെട്ടു.