കാസര്‍കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വോട്ടെടുപ്പിന് ശേഷം വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്നതും വോട്ടെണ്ണലും പെരിയ കേന്ദ്രസര്‍വകലാശാലയിലായിരിക്കുമെന്ന് ജില്ലാവരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കാസര്‍കോട് ഗവ.കോളജുകളിലും കാഞ്ഞങ്ങാട് നെഹറു കോളജുകളിലുമാണ് വോട്ടെണ്ണല്‍ നടന്നിരുന്നത്. എന്നാല്‍ ദേശീയപാതാ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവിടെയുള്ള സൗകര്യം പരിമിതമായതിനാലാണ് കേന്ദ്രസര്‍വകലാശാലയിലേക്ക് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി കാസര്‍കോട് കളക്ടറേറ്റില്‍ നടന്ന തെരഞ്ഞെടുപ്പ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിങ് മെഷീനും തെരഞ്ഞെടുപ്പ് സാമഗ്രികളും മഞ്ചേശ്വരം നിയമസഭാ മണ്ഡല പരിധിയിലെ ബൂത്തുകളിലേക്കുള്ളവ കുമ്പളയിലും, കാസര്‍കോട് നിയമസഭാ മണ്ഡല പരിധിയിലെ ബൂത്തുകളിലേക്കുള്ളവ ഗവ.കോളജിലും, ഉദുമ നിയമസഭാ മണ്ഡല പരിധിയിലെ ബൂത്തുകളിലേക്കുള്ളവ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ചും, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡല പരിധിയിലെ ബൂത്തുകളിലേക്കുള്ളവ ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡല പരിധിയിലെ ബൂത്തുകളിലേക്കുള്ളവ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളജിലും വിതരണം ചെയ്യും. കല്യാശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡല പരിധിയിലെ ബൂത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമിഗ്രികള്‍ വിതരണം ചെയ്യുന്നത് കണ്ണൂര്‍ ജില്ലാ വരണാധികാരിയുമായി തീരുമാനിക്കും. സബ്കളക്ടര്‍ സൂഫീയാന്‍ അഹമ്മദ്, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ സംബന്ധിച്ചു.
