കാസര്‍കോട് നഗരസഭാ ബജറ്റ്: പുതിയ ബസ്സ്റ്റാന്റ് പുതുക്കി പണിയും; വിദ്യാഭ്യാസ -ആരോഗ്യ മേഖലയ്ക്ക് മുന്‍തൂക്കം

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ്സ്റ്റാന്റു പുതുക്കി പണിയുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫ പറഞ്ഞു. 2026- 27 വര്‍ഷത്തെ നഗരസഭാ ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

കാസര്‍കോട് നഗരത്തിന്റെ അടിസ്ഥാന- ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ -ആരോഗ്യ -കാര്‍ഷിക മേഖലകളുടെ നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പഴയ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ്, മുനിസിപ്പല്‍ മീന്‍ മാര്‍ക്കറ്റ്, മുനിസിപ്പല്‍ സ്റ്റേഡിയം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവയുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും- കെ എം ഹനീഫയുടെ കന്നി ബജറ്റില്‍ പറയുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനായി ഓരോ വാര്‍ഡുകളിലേയ്ക്കും എട്ടുലക്ഷം രൂപ വീതം അനുവദിക്കും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നായക്‌സ് റോഡ്, എം ജി റോഡ്, ഫോര്‍ട്ട് റോഡ്, മഡോണ സ്‌കൂള്‍ റോഡ് എന്നിവ നവീകരിക്കും. നഗരസഭാ സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി കൂടുതല്‍ തെരുവിളക്കുകള്‍ സ്ഥാപിക്കും. നഗരസഭയുടെ അധീനതയിലുള്ള പാലികാ ഭവനിൽ അന്യ ജില്ലകളില്‍ നിന്നു ജോലിക്കെത്തുന്ന വനിതകള്‍ക്കു താമസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നു. ബീച്ച് പാര്‍ക്ക്, സീ വ്യൂപാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, തെരുവത്ത് പുഴക്കര പാര്‍ക്ക് എന്നിവ നവീകരിക്കും. തുരുത്തി, നെല്ലിക്കുന്ന്, ലൈറ്റ് ഹൗസ് തുടങ്ങി നാലു സ്ഥലങ്ങളില്‍ വിനോദ സഞ്ചാര ഹബ്ബുകള്‍ സ്ഥാപിക്കും. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം പണിയും. നഗരസഭാ കാര്യാലയം ആധുനിക രീതിയില്‍ പുതുക്കി പണിയും. പാര്‍ക്കിംഗ് പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ഷീ ലോഡ്ജിനു സമീപം പാര്‍ക്കിംഗ് ആന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് പണിയും, അഞ്ചു വര്‍ഷം കൊണ്ട് നഗരസഭാ പരിധിയിലെ എല്ലാ അംഗണ്‍വാടികള്‍ക്കും സ്വന്തം കെട്ടിടം പണിയും, വഴിയോര കച്ചവടക്കാര്‍ക്കുള്ള പെര്‍മിറ്റ് നിയന്ത്രണ വിധേയമാക്കും തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page