പനയാലില്‍ 2000 വര്‍ഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി

കാസര്‍കോട്: പള്ളിക്കര പഞ്ചായത്തിലെ പനയാലില്‍ 2000 വര്‍ഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. പനയാൽ, കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാടിനു സമീപത്തെ എം മധുസൂദനന്‍ നമ്പ്യാര്‍, എം പാര്‍വതി അമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് ചെങ്കല്ലറ കണ്ടെത്തിയത്. നാട്ടുകാരനായ ചന്ദ്രന്‍ പനയാല്‍ അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാര്‍ കോറോത്ത് സ്ഥലത്തെത്തി. മഹാശില സംസ്‌കാരത്തിന്റെ ചരിത്രശേഷിപ്പുകളായ ചെങ്കല്ലറയാണ് പനയാലില്‍ കണ്ടെത്തിയതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ചെങ്കല്‍പ്പാറ തുരന്ന് വൃത്താകൃതിയില്‍ നിര്‍മ്മിച്ച ചെങ്കല്ലറയുടെ ഉള്‍ഭാഗത്തുനിന്ന് പുറത്തേക്കുള്ള കവാടം അടച്ചുവച്ച നിലയിലാണ്. പ്രാദേശികമായി മുനിയറ, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, നിധിക്കുഴി, കല്‍പ്പത്തായം എന്നീ പേരുകളിലും ചെങ്കല്ലറകള്‍ അറിയപ്പെടുന്നുണ്ട്. മഹാശിലായുഗ കാലത്തെ മറ്റൊരു ശിലാസ്മാരകമായ കുടക്കല്ലുകള്‍ സമീപപ്രദേശമായ മുനക്കല്ല്, കരിപ്പാടകം, കൊളത്തൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോഴുമുണ്ട്.
ചെങ്കല്ലറ സംരക്ഷിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭന, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍ കെ രാജന്‍, കൂക്കള്‍ തറവാട് മുന്‍ പ്രസിഡണ്ട് പി. ബാലകൃഷ്ണന്‍ നായര്‍, കെ പവിത്രന്‍, അരുണ്‍ പനയാല്‍, സി സന്തോഷ്, കെ പ്രകാശന്‍, കെ തമ്പായി അമ്മ, എ ഭാരതി, എ നളിനി, പി.സി നാരായണന്‍, കെ രാഘവന്‍, കെ ബാലകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ചെങ്കല്ലറ കാണാന്‍ എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page