
കൊച്ചി: നിലമ്പൂര്‍ എംഎൽഎ പി വി അൻവറിനെ ഇ ഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ പി വി അൻവര്‍ എത്തി. തുടർന്ന് നടപടിക്രമങ്ങൾ രേഖപ്പെടുത്തിയശേഷം ചോദ്യം ചെയ്യൽ തുടങ്ങി. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ. മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം നൽകിയ പരാതിയിലാണ് അന്വേഷണം. 2012ൽ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. ആദ്യഘട്ടത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് സലിം ഇ ഡിക്ക് പരാതി നൽകിയത്. ഈ കേസിൽ കഴിഞ്ഞവർഷം ജനുവരിയിലും ഇ ഡി പി വി അൻവർ എംഎൽഎയെ ചോദ്യം ചെയ്തിരുന്നു.







