ബേക്കലില്‍ മദ്രസ വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; മംഗ്ളൂരുവില്‍ എത്തിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മദ്രസയിലേയ്ക്ക് പോയ 12കാരിയെ കാറില്‍ എത്തിയ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി. മംഗ്ളൂരുവില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പെണ്‍കുട്ടി ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ എത്തി. വിവരമറിഞ്ഞ് മംഗ്‌ളൂരുവിലേയ്ക്ക് പോയ പൊലീസും ബന്ധുക്കളും പെണ്‍കുട്ടിയെയും കൂട്ടി ബേക്കലിലേയ്ക്ക് തിരിച്ചു.
ഇന്നു (ശനി) രാവിലെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 6.45 മണിയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു മദ്രസയിലേയ്ക്ക് തിരിച്ചത്. എന്നാല്‍ അവിടെ എത്തിയില്ല. ഇതേ തുടര്‍ന്ന് കുട്ടിയെ കാണാതായെന്നു കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

കേസെടുക്കാനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് പെണ്‍കുട്ടി തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നു പറഞ്ഞ് മംഗ്ളൂരു, പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനില്‍ നിന്നു ബേക്കല്‍ സ്റ്റേഷനിലേയ്ക്ക് ഫോണ്‍ വിളി എത്തിയത്. മാസ്‌ക്ക് ധരിച്ച രണ്ടു പേര്‍ കറുത്ത നിറത്തിലുള്ള കാറില്‍ തന്നെ ബലമായി കയറ്റി കൊണ്ടുപോയെന്നാണ് പെണ്‍കുട്ടി പാണ്ഡേശ്വരം പൊലീസിനോട് പറഞ്ഞത്.

മംഗ്ളൂരുവില്‍ കാര്‍ നിര്‍ത്തി രണ്ടുപേരും പുറത്തിറങ്ങിയപ്പോള്‍ ഡോര്‍ തുറന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടി ഓടുന്നത് കണ്ട് സ്ഥലത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ കാര്യം അന്വേഷിക്കുകയായിരുന്നുവെന്നു പറയുന്നു. ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
പെണ്‍കുട്ടിയെ നാട്ടിലെത്തിച്ച് വിശദമായ മൊഴിയെടുത്താലേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാവുകയുള്ളൂവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യം പരിശോധിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page