കാസര്‍കോട്: കോടോം പഞ്ചായത്തിലെ കോട്ടക്കുന്നില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വീടിന് സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ സൂക്ഷിച്ച 215 ലിറ്റര്‍ വാഷും 10 ലിറ്റര്‍ വാറ്റ് ചാരായവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന്‍ എം ബിജു(40)വിനെതിരെ കേസെടുത്തു. വെള്ളിയാഴ്ച എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സികെവി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് വാഷ് പിടികൂടിയത്. വാറ്റാന്‍ ഉപയോഗിച്ച സാധനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഡ് നടക്കുന്ന സമയം പ്രതി ഉണ്ടായിരുന്നില്ല. കേസ് രേഖകളും തൊണ്ടി സാധനങ്ങളും തുടര്‍നടപടികള്‍ക്കായി ഹോസ്ദുര്‍ഗ് എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ കെവി രഞ്ജിത്ത്, ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എംവി സുധീന്ദ്രന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി ശാലിനി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ അനീഷ്, എവി പ്രശാന്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.







