പത്രം എടുക്കാന്‍ പോകുന്നുവെന്ന വ്യാജേന സെന്‍ട്രല്‍ ജയില്‍ ചാടി; ഒരു മാസത്തിനുശേഷം കണ്ണൂര്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: ഒരു മാസം മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍. കൊയ്യോട് സ്വദേശി ഹര്‍ഷാദാണ് തമിഴ്നാട്ടിലെ മധുര കാരക്കുടിയില്‍ വെച്ച് പിടിയിലായത്. ഒരു മാസം മുമ്പാണ് ഹര്‍ഷദ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. പത്രം എടുക്കാന്‍ പോകുന്നുവെന്ന വ്യാജേന പുറത്തേക്ക് വന്നശേഷം ദേശീയപാതയിലൂടെ ഓടുകയായിരുന്നു. ജയിലിനു കുറച്ചകലെ നിര്‍ത്തിയിട്ട ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ഹര്‍ഷാദിന്റെ സുഹൃത്താണ് ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഹര്‍ഷദ് തമിഴ്നാട്ടില്‍ ഉള്ളതായി പൊലീസിന് രഹസ്യവിവരം ലഭിക്കുന്നത്.
ജയിലേക്കുള്ള പത്രക്കെട്ടുകള്‍ എടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് ഹര്‍ഷാദിനെയായിരുന്നു. ജനുവരി 14 നു രാവിലെ ആറരയോടെയാണ് ഹര്‍ഷദ് ജയില്‍ ചാടിയത്. അന്വേഷണത്തിനിടെ ഹര്‍ഷാദിന് ബൈക്ക് എത്തിച്ചുകൊടുത്ത കൂട്ടാളിയെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹര്‍ഷാദ് ശിവഗംഗയില്‍ ഉണ്ടെന്ന സൂചന ലഭിച്ചത്. കണ്ണൂരില്‍ നിന്നും രക്ഷപെടാന്‍ ഉപയോഗിച്ച ബൈക്ക് പിന്നീട് ബംഗളൂരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ബംഗളൂരുവില്‍ നിന്നും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഹര്‍ഷദ്. മയക്ക് മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹര്‍ഷാദ്. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിനാണ് ഹര്‍ഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലിസ് എടുത്ത കേസില്‍ 2023 സെപ്റ്റംബര്‍ മുതല്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹര്‍ഷാദ്. അതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ അതിവിദഗ്ധമായി ജയില്‍ ചാടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page