മഞ്ചേശ്വരം: മംഗല്‍പാടി പഞ്ചായത്തില്‍ കടലാക്രമണവും വെള്ളപ്പൊക്കവും ഭീതി പരത്തുന്നു.
ഷിറിയ, മുട്ടം, ബേരിക്കെ കടപ്പുറങ്ങളില്‍ കടല്‍ കലി തീര്‍ക്കുകയാണ്. ഷിറിയ-പെരിങ്കടി റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു. റോഡ് പൂര്‍ണ്ണമായി തകര്‍ന്നാല്‍ അതിനടുത്തുള്ള ലളിത, നിവേദിത, ഗിരിജ എന്നിവരുടെ വീടുകള്‍ കടലെടുക്കുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം ഇതേ കടപ്പുറത്തു ശശികലയുടെ വീടു തകര്‍ന്നിരുന്നു.

കടലാക്രമണവും വെള്ളപ്പൊക്കവും ഭയാനകമായി തുടരുന്നു. ഈ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇന്നലെ സന്ദര്‍ശിച്ചു. മറ്റു റവന്യു ജീവനക്കാരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു.
കുബണൂരില്‍ സുവര്‍ണ്ണ ഗിരിപ്പുഴ കരകവിഞ്ഞു. പുഴയോരത്തെ ശാസ്താക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്. ശാന്തിഗുരി, കുബണൂര്‍ റോഡിലും വെള്ളം കയറി ഗതാഗത തടസ്സം അനുഭവപ്പെട്ടു. കുബണൂര്‍ ദേര്‍ജാലില്‍ മഴയില്‍ ഒഴുകിയെത്തിയ മരങ്ങളും തേങ്ങകളും മറ്റും അടിഞ്ഞു കൂടുന്നു. ഉപ്പള പുഴയിലും വെള്ളം കയറിയിട്ടുണ്ട്.







