കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ മിന്നല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവയാണ് പ്രളയസാധ്യതയുള്ള മറ്റു ജില്ലകള്‍. നാളെ (ബുധന്‍) രാവിലെ 8.30 മണിവരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രളയ സാധ്യതയേറിയത് ഉപ്പള പുഴയിലാണ്. ഇവിടെ പുഴയിലെ ജലനിരപ്പ് അപകടനിലയേക്കാളും ഉയര്‍ന്നു.
മധൂര്‍, പുത്തിഗെ, മഞ്ചേശ്വരം പുഴകളില്‍ വെള്ളത്തിന്റെ നിരപ്പ് മുന്നറിയിപ്പ് ലെവലിനേക്കാളും ഉയര്‍ന്നതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു . കര്‍ണാടകയില്‍ ചക്രവാതച്ചുഴി രൂപം കൊണ്ടതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ഇന്ന് (ചൊവ്വ) റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിന്നല്‍ പ്രളയ മുന്നറിയിപ്പ് കൂടി നല്‍കിയത്.







