പണയം വെച്ചത് മുക്കുപണ്ടങ്ങള്‍; ബാങ്ക് അപ്രൈസറുടെ അഭ്യാസം കാരണം കുടുങ്ങിയത് കൂട്ടുകാര്‍

ഇടുക്കി: കൂട്ടുകാരുടെയും വിശ്വസ്തരുടെയും ബന്ധം മുതലെടുത്ത് മുക്കുപണ്ടങ്ങള്‍ ബാങ്കില്‍ പണയം വെച്ച് ബാങ്ക് അപ്രൈസര്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കട്ടപ്പന ശാഖയിലെ ഗോള്‍ഡ് അപ്രൈസറായ കട്ടപ്പന കൊല്ലംപറമ്പില്‍ കെ ജി അനിലിനെതിരെയാണ് ബാങ്കും സുഹൃത്തുക്കളും പരാതി നല്‍കിയത്. പരിചയക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ അനില്‍ ബാങ്കില്‍ സ്വര്‍ണപ്പണയ വായ്പ എടുത്തു. സ്വര്‍ണം പരിശോധിച്ചത് അനില്‍ ആയതിനാല്‍ പണയം വെച്ചത് മുക്കുപണ്ടമാണെന്ന് ബാങ്ക് അധികൃതര്‍ക്കും തിരിച്ചറിയാന്‍ പറ്റിയതുമില്ല. സ്വന്തം ജീവനക്കാരന്‍ തന്നെ ബാങ്കിന് ഇങ്ങനെയൊരു പണി കൊടുക്കുമെന്ന് അധികൃതരും കരുതിയില്ല. ഏതാനും ദിവസമായി ബാങ്കില്‍ അനില്‍ വരാതെയായി. ഓഡിറ്റിങ്ങിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കള്ളി വെളിച്ചത്തുവന്നത്. പണയ ഉരുപ്പടികളില്‍ മുക്കുപണ്ടമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ പണയം വച്ച ഇടപാടുകാരെ ബാങ്ക് വിവരം അറിയിച്ചു. അപ്പോഴാണ് അനില്‍ തങ്ങളുടെ പേരില്‍ മുക്കുപണ്ടമാണ് പണയം വെച്ചതെന്ന് അവര്‍ അറിയുന്നത്. നിലവില്‍ 14 പേരാണ് അനിലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 24 പേരുടെ പേരില്‍ ഇത്തരത്തില്‍ സ്വര്‍ണം പണയപ്പെടുത്തിയിട്ടുണ്ടെന്നാണ് ബാങ്ക് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കട്ടപ്പന ഡിവൈഎസ്പി പി വി ബേബി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page