ഓടിക്കൊണ്ടിരിക്കെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: ഓടിക്കൊണ്ടിരിക്കെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചേവാർ കുണ്ടംകേരടുക്ക സ്വദേശി അബ്ദുൽ റഹ്മാൻ (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുണ്ടംകേരടുക്കയിൽ വെച്ചാണ് സംഭവം. കാസർകോട് നിന്നും പെർമുദേ-ധർമ്മത്തടുക്ക റൂട്ടിൽ ഓടുന്ന ബസ്സിലെ ഡ്രൈവറായിരുന്നു റഹ്മാൻ. പെർമുദേക്കടുത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുൾറഹ്മാൻ ബസിൽ നിന്നിറങ്ങി കടയിൽ നിന്നും സോഡാ വാങ്ങിക്കുടിച്ചു. പിന്നീട് യാത്ര തുടരുന്നതിനിടയിലാണ് കുണ്ടംകേരടുക്കയിൽ വെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് സൈഡിൽ നിർത്തി സീറ്റിൽ നിന്നും എഴുന്നേറ്റയുടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 17 വർഷമായി ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു. ഇച്ചിലംകോട് മഖാം ഉറൂസിന് പങ്കെടുക്കാൻ എത്തിയ വിശ്വാസികളായിരുന്നു ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ അധികവും.
ചേവാർ കുണ്ടംകേരടുക്കയിലെ പരേതനായ മൊയ്തീൻ കുഞ്ഞിയുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: സുഹ്‌റ. മകൻ: അറഫാത്. സഹോദരങ്ങൾ: മുഹമ്മദലി, ബീഫാത്തിമ, നഫീസ, അവ്വമ്മ, ആത്തിക്ക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page