മുന്‍ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു; സംസ്‌ക്കാരം രാത്രി 8 മണിക്ക്

കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ ടി എച്ച് മുസ്തഫ (83) അന്തരിച്ചു.
ഇന്നു പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു.
മൃതദേഹം ആലുവ ചാലക്കലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വച്ചു. സംസ്‌ക്കാരം രാത്രി എട്ടുമണിക്കു മാറമ്പിള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അഞ്ചു തവണ എം എല്‍ എയും കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യവകുപ്പു മന്ത്രിയുമായിരുന്നു. 14 വര്‍ഷം എറണാകുളം ഡി സി സി പ്രസിഡന്റായിരുന്നു. മരിക്കുമ്പോള്‍ കെ പി സി സി നിര്‍വ്വാഹക സമിതി പ്രത്യേക ക്ഷണിതാവായിരുന്നു.
1977ലാണ് ആലുവ മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ന്നുള്ള നാലു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ വിജയിച്ചു. 91 മുതല്‍ 94 വരെ മന്ത്രിയായിരുന്നു. എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങി നിരവധി സഹകരണ സ്ഥാപനങ്ങളില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു. പെരുമ്പാവൂര്‍ വാഴക്കുളം കുടുംബാംഗമാണ്. ടി കെ എം ഹൈദ്രോസ്- ഫാത്തിമ ബീവി ദമ്പതികളെടെ മകനാണ്. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തകനായ മുസ്തഫ തീപ്പൊരി പ്രാസംഗികനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക്, ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. 66ല്‍ ഡി സി സി സെക്രട്ടറിയും 68 ല്‍ പ്രസിഡന്റുമായി. 78 മുതല്‍ 83 വരെ കെ പി സി സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്നു വൈസ് പ്രസിഡന്റായി. ഐ ഐ ടി യു സിയിലും സജീവമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page