വി.എം മുനീര്‍ കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയും; മുന്‍ ധാരണ നടപ്പാക്കാന്‍ തീരുമാനം

കാസര്‍കോട്: നഗരസഭാ ചെയര്‍മാനെ മാറ്റാന്‍ മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിച്ചു. ഈ മാസം 15ന് അകം നിലവിലെ ചെയര്‍മാന്‍ വി.എം മുനീര്‍ രാജിവെച്ച് അബ്ബാസ് ബീഗം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആകും. നഗരഭരണത്തിന്റെ ആദ്യ മൂന്നു വര്‍ഷം വീതം മുനീറും പിന്നീടുള്ള രണ്ട് വര്‍ഷം അബ്ബാസ് ബീഗവും ചെയര്‍മാനാകും. തിരഞ്ഞെടുപ്പ് കാലത്ത് ലീഗിന് അകത്തുണ്ടാക്കിയിരുന്ന ധാരണ ഇതനുസരിച്ച് കഴിഞ്ഞ മാസം 28ന് മുനീര്‍ തല്‍സ്ഥാനം ഒഴിയേണ്ടതായിരുന്നു, എന്നാല്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി വിദേശത്തായതിനാലും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാത്തതിനാലും അധികാര മാറ്റം ചര്‍ച്ച ചെയ്തിരുന്നില്ല. മുഹമ്മദ് കുഞ്ഞി തായലങ്ങാടിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിംലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് മുന്‍ ധാരണ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാന്‍ നേതൃത്വത്തിന് കഴിഞ്ഞത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശത്തിനിടയാക്കിയിട്ടുണ്ട്. പുതിയ ചെയര്‍മാന്റെ സ്ഥാനാരോഹണം ഗംഭീരമാക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page