കെ സുധാകരനും വിഎം സുധീരനും നേര്‍ക്ക് നേര്‍; സുധീരന്റെ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് സുധാകരന്‍; പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരനും

തിരുവനന്തപുരം: കെ.പി.സിസി നേതൃത്വത്തിനെതിരെ വി.എം സുധീരന്റെ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് കെ സുധാകരന്‍. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരന്‍ പ്രതികരിച്ചത്. സുധീരന്റെ പ്രസ്താവനകള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. സുധീരന്റെ പ്രസ്താവനകള്‍ അസ്ഥാനത്തുള്ളവയാണ്. താന്‍ അതിന് വില കല്‍പ്പിക്കുന്നില്ല. സുധീരന്‍ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമെന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം സുധാകരന്റെ പ്രതികരണത്തിന് മറുപടിയുമായി വിഎം സുധീരനും രംഗത്തെത്തിയതോടെ നേര്‍ക്കു നേര്‍ പോരായി. സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന്‍ പറഞ്ഞു. വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി വിട്ടു എന്ന് താന്‍ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തത് താന്‍ ആണ്. ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 2016 ല്‍ തോല്‍ക്കില്ലായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. കഴിവ് നോക്കാതെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അതില്‍ ഞാന്‍ ദുഃഖിതനായിരുന്നു. സുധാകരനും സതീശനും വന്നപ്പോള്‍ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ച രീതി ശരിയല്ല എന്ന് സുധാകരനോട് പറഞ്ഞു. ഈ ശൈലി സംഘടനക്ക് യോജിച്ചതല്ല എന്നതിനാല്‍ ഹൈകാമാന്‍ഡിനു കത്തെഴുതി. പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. രാഹുല്‍ ഗാന്ധിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. പക്ഷെ 2 വര്‍ഷമായി ഒന്നും പരിഹരിച്ചില്ല. ഇന്ന് രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പ് ആയി. പേര് പറയുന്നില്ല. ഗ്രൂപ്പിനുള്ളില്‍ ഉപഗ്രൂപ്പും വന്നു. ഇതോടെയാണ് പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. എന്നാല്‍ ഡി സി സി പരിപാടികളില്‍ പങ്കെടുത്തു. കെ പി സി സി യുടെയും എ ഐ സി സിയുടേയും പരിപാടികളില്‍ പങ്കെടുത്തില്ല. പക്ഷെ മറ്റ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു. സുധാകരന്‍ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ട്. തനിക്കെതിരെ പറഞ്ഞതും തിരുത്തും. സുധാകരന്‍ ഓചിത്യ രാഹിത്യം കാണിച്ചു. തന്റെ പ്രതികരണത്തോട് മറുപടി പറയേണ്ടത് കെപിസിസി യോഗത്തിലായിരുന്നു. പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത് താന്‍ പുറത്ത് പറഞ്ഞില്ല. സുധാകരന്റേത് തെറ്റായ പ്രവണതയാണ്. സുധാകരന്‍ ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരന്‍ പറഞ്ഞു. ശനിയാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന കെ.പി.സി.സി എക്‌സിക്യുട്ടിവ് യോഗത്തിലാണ് നേതൃത്വത്തിനെതിരെ വി.എം സുധീരന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നേതൃത്വം പൂര്‍ണ പരാജയമാണെന്ന് സുധീരന്‍ തുറന്നടിച്ചു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് സുധാകരന്‍ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page