2023 ല്‍ പുറത്തിറങ്ങിയത് 220 ചിത്രങ്ങള്‍; നഷ്ടം 500 കോടി; കുത്തുപാളയെടുത്ത് നിര്‍മ്മാതാക്കള്‍

സമാന്തര സിനിമകളും മുഖ്യാധാര സിനിമകളും നിറഞ്ഞു നിന്ന മലയാള സിനിമയ്ക്കു മരണമണി മുഴങ്ങുന്നു. 2023 – ലെ ബാലന്‍സ് ഷീറ്റു വ്യക്തമാക്കുന്നത് തീരെ ശോഭനമല്ല കോളിവുഡിന്റെ ഭാവിയെന്നാണ്. താരങ്ങളുടെ അതിഭയങ്കരമായ പ്രതിഫലം, ഇതര ഭാഷാ ചിത്രങ്ങളുടെ കടന്നുകയറ്റം, ഭാരിച്ച നിര്‍മ്മാണ ചെലവ്, തീയേറ്ററുകളുടെ ലഭ്യത കുറവ് തുടങ്ങി എണ്ണമറ്റ പ്രതിസന്ധികളും പ്രയാസങ്ങളുമാണ് മലയാള സിനിമ നേരിടുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ 2023 മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല എന്ന് ചുരുക്കി പറയാം. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍ കണ്ടത്. അതേസമയം ചില അപ്രതീക്ഷിത നേട്ടങ്ങള്‍ കിട്ടിയ വര്‍ഷവുമായിരുന്നു നേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ 2018 സിനിമയുടെ ഓസ്‌കര്‍ എന്‍ട്രിയെക്കുറിച്ചുതന്നെ ആദ്യം പറയണം. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ആയാണ് 2018 തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പുറത്തായെങ്കിലും കേരളം ഒരിക്കലും മറക്കാത്ത 2018 ലെ പ്രളയവും അതിജീവനവും പ്രമേയമാക്കിയ സിനിമ സംവിധാനം ചെയ്തത് ജൂഡ് ആന്റണി ജോസഫ് ആയിരുന്നു 2018 ലെ ഹീറോ. കുഞ്ചാക്കോ ബോബന്‍, ടോവിനോ, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, നരേന്‍, സുധീഷ്, ലാല്‍, തന്‍വി റാം, ഗൗതമി നായര്‍…തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

സാമ്പത്തികമായും തീയേറ്ററില്‍ ഈ വര്‍ഷം ഏറ്റവും വലിയ നേട്ടം കൊയ്തത് 2018 ആണ്. 30 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്സ് ഓഫിസില്‍നിന്ന് നേടിയത് 200 കോടിയോളം രൂപയാണ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാനകരവും അപൂര്‍വവുമായ നേട്ടമാണിത്. 2018 ന് കോടി ക്ലബ്ബില്‍ ഇടം നേടാനായെങ്കിലും മലയാള സിനിമയുടെ മൊത്തത്തിലുള്ള കാര്യമെടുത്താല്‍ ഈ വര്‍ഷം റിലീസായ പല ചിത്രങ്ങള്‍ക്കും മുടക്കുമുതല്‍ പോയിട്ട് പോസ്റ്റര്‍ ഒട്ടിച്ച പണം പോലും തിരികെ നേടാനായില്ല പല നിര്‍മ്മാതാക്കളും കുത്തുപാളയെടുക്കുന്ന കാഴ്ച്ചയും നാം കണ്ടു. 2023 ഡിസംബര്‍ എട്ടു വരെയുള്ള കണക്കെടുത്താല്‍ ആകെ റിലീസായത് 209 സിനിമകളാണ്. ഇതില്‍ നിര്‍മാതാവിന് മുടക്കു മുതല്‍ തിരിച്ചു നല്‍കിയത് 13 സിനിമകള്‍ മാത്രമാണ്. ക്രിസ്മസ് റിലീസുകളടക്കം ഇനി ഈ വര്‍ഷം പത്തോളം ചിത്രങ്ങള്‍കൂടി പുറത്തിറങ്ങാനുണ്ട്. അവ കൂടി പരിഗണിക്കുകയാണെങ്കില്‍ ഈ വര്‍ഷം ആകെ റിലീസാകുന്ന മലയാള സിനിമകളുടെ എണ്ണം 220 കടക്കും. ഇനി റിലീസാകാനുള്ള സിനിമകളുടെ കൂട്ടത്തില്‍ മോഹന്‍ലാലിന്റെ ജീത്തുജോസഫ് ചിത്രം നേര് ബോക്‌സ് ഓഫിസ് ഹിറ്റാവുമെന്നാണ് സുചനകള്‍ വ്യക്തമാകുന്നത്.

റോബി വര്‍ഗീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡാണ് മറ്റൊരു ഹിറ്റ്.
കേരള പൊലീസിലെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതാനുഭവങ്ങള്‍ പ്രമേയമാക്കിയ സിനിമ യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു നിര്‍മിച്ചത്. ഉദ്വേഗഭരിതമായ കഥാമുഹൂര്‍ത്തങ്ങളും വൈകാരികമായ കഥപറച്ചില്‍ രീതിയും ചേര്‍ന്ന് തിയറ്ററുകളില്‍ പ്രേക്ഷകരെ കയ്യിലെടുത്തു. ഒപ്പം കേരള പൊലീസിന്റെ ചരിത്രത്തില്‍ ശരിക്കുമുണ്ടായ സാഹസികമായ അന്വേഷണ നിമിഷങ്ങള്‍ കൂടിയാണിതെന്നറിഞ്ഞപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡിനും തിയറ്ററില്‍നിന്ന് വന്‍ നേട്ടം കൊയ്യാനായി.
നഹാസ് ഹിദായത് സംവിധാനം ചെയ്ത ആര്‍ ഡി എക്‌സ് ആണ് തിയറ്ററില്‍ ആളെ നിറച്ച മറ്റൊരു ചിത്രം. തിയറ്ററില്‍ ഇടിയുടെ പൊടിപൂരം തീര്‍ത്ത ആര്‍ ഡി എക്‌സ് പ്രധാനമായും യുവാക്കളെ തന്നെയാണ് ആകര്‍ഷിച്ചത്. ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒ ടി ടിയിലും തരംഗം തീര്‍ത്തു.
ജിത്തു മാധവന്‍ സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം രോമാഞ്ചവും ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. വലിയ പ്രൊമോഷനോ ആരവങ്ങളോ ഇല്ലാതെ എത്തിയിട്ടും രോമാഞ്ചത്തിന് ആളുകള്‍ക്കിടയില്‍ നല്ല അഭിപ്രായം സൃഷ്ടിക്കാനായി. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കൊപ്പം ഒരുപിടി പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം ഒരു രണ്ടാം ഭാഗത്തിനുള്ള സ്‌കോപ്പ് ബാക്കി നിര്‍ത്തിയാണ് അവസാനിക്കുന്നത്.
മുകളില്‍ പറഞ്ഞ നാല് സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായപ്പോള്‍ ഒമ്പത് സിനിമകള്‍ക്ക് കൂടി തീയറ്ററില്‍ ശരാശരി വിജയം നേടിയാണ് തീയേറ്റര്‍ വിട്ടത്. നന്‍പകല്‍ നേരത്ത് മയക്കം, നെയ്മര്‍, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഗരുഡന്‍, ഫാലിമി, കാതല്‍, മധുര മനോഹര മോഹം എന്നിവയായിരുന്നു ഈ ചിത്രങ്ങള്‍. ഈ വര്‍ഷത്തെ 209 സിനിമകളുടെ നഷ്ടക്കണക്കെടുത്താല്‍ ഏതാണ്ട് 500 കോടി രൂപ വരുമെന്നാണ് വിലയിരുത്തല്‍. പരാജയം നേരിട്ടവരില്‍ അധികവും ആദ്യമായി സിനിമ നിര്‍മിക്കാനെത്തിയവരാണ്. അഞ്ചു കോടി വരെ സാറ്റലൈറ്റ് കിട്ടിയിരുന്ന സിനിമകള്‍ക്ക് 50 ലക്ഷം പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. തിയറ്റര്‍ തന്നെയാണ് ഇപ്പോഴും സിനിമകളുടെ പ്രധാന വരുമാന സ്രോതസ്. തിയറ്ററില്‍ ഓടി വിജയിച്ചാല്‍ മാത്രമാണ് ഒ ടി ടി വില്പനയ്ക്കും സാധ്യതയുള്ളത്. ഇതു തിരിച്ചറിയാന്‍ കഴിയാത്തതാണ് പലരെയും അടി തെറ്റിച്ചു കളഞ്ഞത്.

മലയാള സിനിമകളുടെ കാലിടറിയ 2023 ല്‍ തമിഴ് സിനിമകള്‍ കേരള ബോക്‌സോഫിസില്‍ പണം വാരിയെന്നതും കാണാം. 20 കോടിയിലധികം ഷെയര്‍ നേടിയ രജനീകാന്ത് ചിത്രം ‘ജയിലറാണ് 7 മോളിവുഡ് ബോക്‌സോഫീസില്‍ ലിയോ, ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, ജവാന്‍, പഠാന്‍ എന്നിവയും മലയാളി പ്രേക്ഷകര്‍ തിയറ്ററില്‍ വലിയ ആഘോഷമാക്കിയിരുന്നു.
2023 ലെ മലയാള സിനിമയെ മമ്മൂട്ടിയുടെ വര്‍ഷമെന്ന് വിശേഷിപ്പിക്കാം. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും മമ്മൂട്ടി നേടിയെടുത്ത വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. പ്രേക്ഷക പ്രശംസയും തീയറ്റുകളിലെ കയ്യടിയും നേടിയെടുത്ത മൂന്ന് ചിത്രങ്ങളാണ് 2023 ല്‍ മമ്മൂട്ടിയുടെ അക്കൗണ്ടിലുള്ളത്. നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് നിസ്സംശയം പറയാം. ഈ പ്രായത്തിലും മലയാള സിനിമയുടെ നെടുംതൂണാണ് മമ്മൂട്ടിയെന്ന് ആരാധകര്‍ ഉറപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്. മലയാളി താരങ്ങള്‍ തമിഴില്‍ പോയി വെന്നിക്കൊടി കാട്ടിയ വര്‍ഷമായിരുന്നു 2023 – മാമന്നനില്‍ ഫഹദും ജയിലറില്‍ വിനായകനും തമിഴില്‍ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page