കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന ചെറുവത്തൂര്‍ ദേശീയപാതയില്‍ വിള്ളല്‍. മേല്‍മട്ടലായി ശിവക്ഷേത്രത്തിനു സമീപത്താണ് 50 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വിള്ളല്‍ ഉണ്ടായത്. വിള്ളല്‍ അടയ്ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വേനല്‍ മഴയെ തുടര്‍ന്ന് സ്ഥിതി ഇങ്ങനെയാണെങ്കില്‍ കാലവര്‍ഷം ആരംഭിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്നു യാത്രക്കാര്‍ ചോദിക്കുന്നു. അതേസമയം ദേശീയ പാതയിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്ന സര്‍വ്വീസ് റോഡിലും വെള്ളവും ചെളിയും കെട്ടി നില്‍ക്കുന്നു. ഇത് കാല്‍ നടയാത്രക്കാരെയാണ് ഏറ്റവും വലിയ ദുരിതത്തിലാക്കിയിരിക്കുന്നത്.







