കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു. സിപിഎം, ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരായ 14പേര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഹെല്‍മറ്റ്, ചെടിച്ചട്ടി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് തലയ്‌ക്ക് മാരകമായി പരിക്കേല്‍പ്പിച്ചതായി കേസില്‍ പറയുന്നു. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമായതെന്നു എഫ്.ഐ ആറില്‍ വ്യക്തമാക്കുന്നു. സിപിഎം ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരായ റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്‌ണു, സതീശ്, അമല്‍ബാബു, സതീശ്, അതുല്‍കണ്ണന്‍, അനുരാജ്, ഷഫോര്‍ അഹമ്മദ്, അര്‍ജുന്‍, അര്‍ഷാദ്, സിബി, ഹരിത് തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ്. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേയ്‌ക്കു പോകുന്നതിനിടയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കരിങ്കൊടി കാണിച്ചത്. ഇതു കണ്ട സിപിഎം-ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ നേരിടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാഹുല്‍, സഞ്‌ജു, സന്തോഷ്, സായശരണ്‍, മഹിത മോഹന്‍, സുധീഷ് തുടങ്ങിയവരാണ് അക്രമത്തിനു ഇരയായത്.
