9 മത്സരങ്ങളിൽ തോൽക്കാതെ അജയ്യരായി ഇന്ത്യ; ലോക കപ്പില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു; സെമി ഫൈനൽ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യക്ക് ആത്മവിശ്വാസമുണ്ടെന്ന്  പരിശീലകൻ രാഹുൽ ദ്രാവിഡ്

വെബ് ഡെസ്ക്: ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 7 വിക്കറ്റിന്റെ വിജയത്തോടെ ലോക കപ്പ് യാത്ര തുടങ്ങിയ ഇന്ത്യ, 9 വ്യത്യസ്ത വേദികളിൽ കളിച്ചു വിജയം കൊയ്തു.  ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ കളിക്കിടെ പരിക്കേറ്റ് നഷ്ടപ്പെട്ടപ്പോഴും ഇന്ത്യ നിഷ്‌കരുണം വിജയിക്കുന്ന ടീമായി മാറുകയായിരുന്നു. വിജയം ഉറപ്പാക്കിയ കളികളില്‍ സ്ഥിരം ബൗളര്‍മാര്‍ക്ക് പകരം മറ്റ് കളിക്കാരെ പോലും ഇന്ത്യ പരീക്ഷിച്ചു.

50 ഓവർ ടൂർണമെന്റ് പതിപ്പിൽ തുടര്‍ച്ചയായി 9 മത്സരങ്ങൾ ഇന്ത്യ ജയിക്കുന്നത് ഇതാദ്യമായാണ്, 2003 ലോകകപ്പിൽ നിന്നുള്ള സ്വന്തം റെക്കോര്‍ഡാണ് ഇതോടെ ഇന്ത്യ തകർത്തത്. 2023 ലോകകപ്പിന്റെ പോയിന്റ് പട്ടികയിൽ 18 പോയിന്റുമായി ഒന്നാമതെത്തിയ ഇന്ത്യ ബുധനാഴ്ച മുംബൈയിൽ നടക്കുന്ന ആദ്യ സെമിയിൽ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡിനെ നേരിടും.

ആതിഥേയരായ ഇന്ത്യ, ശ്രീലങ്കയ്‌ക്കെതിരായ 302 റൺസിന്റെ വിജയത്തിന് ശേഷം സെമി ഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ടീമായി, ഇത് ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ ഏഴാം വിജയമായിരുന്നു. നവംബർ 5 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയെ 243 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമിഫൈനലിസ്റ്റുകളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു, 9 മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് സമ്പാദിച്ചതോടെ, ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും മറ്റൊരു ടീമിനും ഇന്ത്യയോളം പോയിന്റ് നേടാനാവില്ല.

ലോകകപ്പ് സെമിയിലെ സമ്മർദം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യക്ക് ആത്മവിശ്വാസമുണ്ടെന്ന് നെതർലൻഡ്‌സിനെതിരായ തകർപ്പൻ വിജയത്തിന് ശേഷം മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു.

തോൽക്കാത്ത ഏക ടീമായി ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയ ശേഷം, ന്യൂസിലൻഡിനെതിരായ സെമി ഫൈനലിന്റെ രൂപത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് മറ്റൊരു കടുപ്പമേറിയ ദൗത്യമാണ്. രാഹുൽ ദ്രാവിഡിനോട് നോക്കൗട്ട് മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ലോകകപ്പ് സെമിഫൈനലിന്റെ സമ്മർദ്ദം നേരിടാനുള്ള  ഇന്ത്യയുടെ കഴിവിൽ ആത്മവിശ്വാസം ഉണ്ടെന്നും, ഡ്രസ്സിംഗ് റൂമിലെ നല്ല അന്തരീക്ഷമാണ് ഇതിന് കാരണമെന്ന് പറഞ്ഞു.

ഒമ്പത് ലീഗ് മത്സരങ്ങളിൽ ഏറെക്കുറെ കുറ്റമറ്റ പ്രകടനം പുറത്തെടുത്തെങ്കിലും, വരാനിരിക്കുന്ന നിർണായക മത്സരം പ്രവചനാതീതമാണെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. ടീമിന്റെ തയ്യാറെടുപ്പിലോ പരിശീലനത്തിലോ മാറ്റങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page