മംഗളൂരു: കേരള പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി പിടിയിലായി. ഇടുക്കി പള്ളിവാസല്‍ അമ്പഴച്ചാല്‍ പച്ചോളി തോക്കുകരയിലെ ബെനഡിക്ട് സാബുവാണ് (25) അറസ്റ്റിലായത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയാണ്.
കോളേജില്‍ മംഗളൂരു പോലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
ബെനഡിക്ട് സാബുവിന്റെ മുറി പരിശോധിച്ചപ്പോള്‍ 350 വ്യാജ ഐ.ഡി കാര്‍ഡുകള്‍ കണ്ടെത്തി. ഒട്ടേറെ വകുപ്പുകളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കേരള പോലീസിന്റെ യൂണിഫോമും, പോലീസ് ഷൂസ്, ലോഗോ, മെഡല്‍, ബെല്‍റ്റ്, തൊപ്പി തുടങ്ങിയവയും മുറിയില്‍ ഉണ്ടായിരുന്നു. പ്രതിയില്‍ നിന്ന് ഒരു ലാപ്‌ടോപ്പ്, 2 മൊബൈല്‍ ഫോണ്‍ സെറ്റുകള്‍ എന്നിവ പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ കുല്‍ദീപ് ജെയിന്‍ പറഞ്ഞു. ഡിസിപിമാരായ അന്‍ഷു കുമാര്‍, ദിനേശ് കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം മംഗളൂരു സെന്‍ട്രല്‍ സബ് ഡിവിഷന്‍ എസിപി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഉര്‍വ പോലീസ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.