വയനാട്ടിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ പിടിയിൽ

വയനാട് പേര്യ ചപ്പാരം കോളനിയില്‍ അന്വേഷണത്തിന് എത്തിയ തണ്ടർബോൾട്ടിനു നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകൾ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ തന്നെ തണ്ടർബോൾട്ട് ചപ്പാരം കോളനി പരിസരത്തു നിലയുറപ്പിച്ചിരുന്നു. മാവോയിസ്റ്റുകൾ കോളനിയിലേക്ക് എത്തുന്ന ഓരോ നീക്കവും ദൂരെ നിന്നു സംഘം നിരീക്ഷിച്ചിരുന്നു. ഏഴുമണിയോടെ നാലാംഗ സായുധ മാവോയിസ്റ്റ് സംഘം അനീഷിന്റെ വീട്ടിലെത്തി. മൊബൈല്‍ ഫോണുകളും, ലാപ് ടോപ്പും ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സംഘം എത്തിയത്.
മാവോയിസ്റ്റുകൾ പുറത്തു ഇറങ്ങുമ്പോൾ പിടികൂടാൻ ആയിരുന്നു നീക്കം. എന്നാൽ അതിനിടയിൽ വീട്ടുകാരിൽ ഒരാൾ പുറത്തിറങ്ങി. വീട്ടുമുറ്റത്ത് തണ്ടർ ബോൾട്ടിനെ കണ്ടതോടെ വീട്ടുകാർ ബഹളം വച്ചു. ഇതോടെ തണ്ടർബോൾട്ട് ആകാശത്തേക്ക് വെടിവച്ചു, തണ്ടർബോൾട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ രണ്ടുപേര്‍ ഓടിപ്പോയി. അതിനിടെ വീടിനു അകത്തു ഉണ്ടായിരുന്ന രണ്ടു പേര്‍ പൊലീസിന് നേരെ വെടിവച്ചു. അകത്തു കയറി രണ്ടുപേരെയും കീഴ്പ്പെടുത്തി തണ്ടർ ബോൾറ്റ് കസ്റ്റഡിയിൽ എടുത്തു. പിടികൂടിയവരെ പൊലീസ് കല്പറ്റയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വീട് ഇപ്പോഴും പൊലീസ് വലയത്തിലാണ്. കൂടുതൽ ഉദ്യോഗസ്ഥർ ചപ്പാരം കോളനിയിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്.
രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് വെടിയേറ്റെന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. വനാതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
കണ്ണൂർ വയനാട് അതിർത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആൾ ചികിത്സക്കെത്തിയാൽ പിടികൂടുകയാണ് ലക്ഷ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page