അറബിക്കടലില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെയോ മറ്റന്നാളോ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് അറിയിപ്പ്. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണം. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ചക്രവാതച്ചുഴി സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 3 – 4 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നവംബര്‍ 7 മുതല്‍ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് അറിയിപ്പുണ്ട്. ഇന്ന് തെക്ക് കിഴക്കന്‍ അറബിക്കടലിനും, അതിനോട് ചേര്‍ന്ന ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page