വയോജന ദിനത്തിൽ സിപിഎമ്മിന്റെ കൊലവിളി അപലപനീയം: എം.എൽ. അശ്വിനി

കാസർകോട് : വയോജന ദിനത്തിൽ വയോജനങ്ങളെ ആദരിക്കുന്നതിനായി എത്തിയ പുരുഷ സ്വയംസഹായ സംഘം പ്രവർത്തകരെ തടയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സിപിഎം നേതാവിന്റെ നടപടി അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു.കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ നിലനിൽക്കുന്ന ജനാധിപത്യവിരുദ്ധ പ്രവണതകളുടെ തെളിവാണ് ഇത്തരം സംഭവങ്ങളെന്നും അവർ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്ന് മത്സരിച്ച പി. സുരേശൻ 263 വോട്ടുകൾ നേടിയതിലുള്ള രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് അശ്വിനി ആരോപിച്ചു.ത്രിപുരയിലും പശ്ചിമ ബംഗാളിലും സിപിഎം നേരിട്ട തിരിച്ചടികളിൽ നിന്ന് കേരളത്തിലെ സിപിഎം നേതൃത്വം പാഠം ഉൾക്കൊള്ളണം. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും രാഷ്ട്രീയ മത്സരങ്ങൾക്കും ഇടമുണ്ട്. എന്നാൽ അതിന്റെ പേരിൽ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അശ്വിനി പറഞ്ഞു.സംഭവത്തിന് പിന്നിലുള്ള സിപിഎം നേതാക്കൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും കുറ്റക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന നടപടി ഉറപ്പാക്കണമെന്നും അശ്വിനി ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page