ബൈക്കിലെത്തി മാല തട്ടിപ്പറിച്ചെടുക്കല്‍; കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

മംഗളൂരു: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല കവരുന്നത് പതിവാക്കിയ കള്ളന്‍ ഒടുവില്‍ പിടിയില്‍. കര്‍ണാടക രാമനഗര ജില്ല സ്വദേശി ചന്ദ്രശേഖര (29) ആണ് മംഗളൂരു സിസിബി പൊലീസിന്റെ വലയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി കുടുങ്ങിയത്. ശനിയാഴ്ച അതിരാവിലെ ബംഗളകുളൂരില്‍ വച്ച് ഒരു സ്ത്രീയുടെ മാല തട്ടിപ്പറിച്ച് ബൈക്കിലൂടെ രക്ഷപ്പെടുമ്പോഴാണ് യുവാവിനെ പിടികൂടിയത്. പരിശോധനയില്‍ യുവാവിന്റെ കയ്യില്‍ നിന്നും 21.300 ഗ്രാം തൂക്കമുള്ള സ്വര്‍ണ മാല കണ്ടെത്തി. മാല മോഷണത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 21 ന് മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേജായ് പള്ളി മെയിന്‍ റോഡില്‍ വച്ച് പ്രഭാത സവാരി ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചുപവന്‍ മാല മോഷ്ടാക്കള്‍ തട്ടിപ്പറിച്ചെടുത്തിരുന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് മാല കവര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ മംഗളൂരു സിസിബി യൂണിറ്റില്‍ നിന്ന് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഈ സംഘമാണ് ശനിയാഴ്ച പ്രതികളിലൊരാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ രാമനഗര ജില്ലയിലെ ഹരോഹള്ളി, കുംബ്ലഗോഡു, ബിഡാദി, ബംഗളൂരു റൂറല്‍ ജില്ലയിലെ ദബസ് പേട്ട്, നെലമംഗല റൂറല്‍ പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ച, കൊലപാതകം, കൊലപാതക ശ്രമം, ആക്രമണം തുടങ്ങിയ ഇരുപതോളം കേസുകളുണ്ട്. പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നിര്‍ദേശത്തില്‍ മംഗളൂരു സിസിബി യൂണിറ്റാണ് പ്രതിയെ ദിവസങ്ങളോളം നിരീക്ഷിച്ച് വലയിലാക്കിയത്. ഡിസിപി സിദ്ധാര്‍ത്ഥ ഗോയല്‍, ഡിസിപി ക്രൈം ആന്‍ഡ് ട്രാഫിക് ദിനേശ് കുമാര്‍, എസിപി പിഎ ഹെഗ്ഡെ എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page