ബില്‍ഡറുടെ വീട്ടിൽ വൻ മോഷണം;  27.50 ലക്ഷം രൂപയും 126 ഗ്രാം സ്വര്‍ണ്ണവും കവര്‍ച്ച ചെയ്‌തു; മഞ്ചേശ്വരം സ്വദേശിക്കായി അന്വേഷണം

മംഗ്‌ളൂരു: മംഗളൂരുവിൽ പ്രമുഖ ബിൽഡറുടെ വീട്ടില്‍ നിന്നു 27.50 ലക്ഷം രൂപയും 4.96 ലക്ഷം രൂപ വില മതിക്കുന്ന 126 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയി. വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഇയാളുടെ മൊബൈല്‍ ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്. സംഭവത്തില്‍ ബണ്ട്വാൾ റൂറല്‍ പൊലീസ്‌ കേസെടുത്തു അന്വേഷണം തുടങ്ങി. മഞ്ചേശ്വരം സ്വദേശി ആലിയെ ആണ് കാണാതായത്‌. മംഗ്‌ളൂരുവിലെ പ്രമുഖ ബില്‍ഡേഴ്സ്  ആയ ഇമാദ്‌ ബില്‍ഡേര്‍സ്‌ ഉടമ പറങ്കിപ്പേട്ടയിലെ മുഹമ്മദ്‌ സഫറുള്ളയുടെ വീട്ടില്‍ നിന്നാണ്‌ സ്വര്‍ണ്ണവും പണവും കവര്‍ച്ച പോയത്‌. മുഹമ്മദ്‌ സഫറുള്ളയുടെ സഹായി ആണ്‌ കാണാതായ ആലി. ദീര്‍ഘകാലത്തെ പരിചയവും വീടുമായുള്ള അടുപ്പവും കാരണം ആലി വീട്ടുകാര്‍ക്കെല്ലാം വിശ്വസ്‌തനായിരുന്നു. ഇക്കഴിഞ്ഞ 18ന്‌ മുഹമ്മദ്‌ സഫറുള്ളയും കുടുംബവും ബംഗ്‌ളൂരുവിലേയ്‌ക്ക്‌ പോയിരുന്നു. പോകുന്ന സമയത്ത്‌ വീടു പൂട്ടി താക്കോല്‍ ആലിയെ ആണ്‌ ഏല്‍പ്പിച്ചിരുന്നത്‌. 23ന്‌ രാത്രി ബിസിനസ്‌ ആവശ്യത്തിനായി ആലിയെ ഫോണില്‍ വിളിച്ചു. എന്നാല്‍ സ്വിച്ച്‌ ഓഫാണെന്ന മറുപടിയാണ്‌ ലഭിച്ചത്‌. പല തവണ ആവര്‍ത്തിച്ചിട്ടും ഇതു തന്നെയായിരുന്നു മറുപടി. സംശയം തോന്നിയ മുഹമ്മദ്‌ സഫറുള്ള നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്‌ പുറമെ നിന്ന്‌ പൂട്ടിയ നിലയിൽ കാണപ്പെട്ടു. തുടര്‍ന്ന്‌ വീടിനു പിന്‍ഭാഗത്തെത്തി ജനല്‍ വഴി നോക്കിയപ്പോള്‍ അലമാര കുത്തിതുറന്ന നിലയിലും സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലും കണ്ടെത്തി. തുടര്‍ന്ന്‌ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്നു അകത്തു കടന്നു. ഇതോടെയാണ്‌ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും നഷ്‌ടപ്പെട്ട കാര്യം വ്യക്തമായത്‌. 27.50 ലക്ഷം രൂപയും 24 ഗ്രാം തൂക്കമുള്ള കൈചെയിന്‍, 16 ഗ്രാംമോതിരം, 40ഗ്രാം വള, 32 ഗ്രാം സ്വര്‍ണ്ണമാല, 4 ഗ്രാമിന്റെ ചെറിയ മാല, 8 ഗ്രാം കമ്മല്‍ എന്നിവ നഷ്‌ടപ്പെട്ടതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ കാണാതായ ആലിയെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page