കാസര്‍കോട്: 73-മത് അഖിലേന്ത്യാ സഹകരണ വാരാഘാഷത്തിന്റെ സംസ്ഥാന തല സമാപനം നവംബര്‍ 20-ന് കാഞ്ഞങ്ങാട്ട് നടക്കും. ആഘോഷത്തിന്റെ പ്രചണാര്‍ത്ഥമുള്ള അനുബന്ധ പരിപാടികള്‍ വ്യാഴാഴ്ച ആരംഭിക്കും.
വ്യാഴാഴ്ച മൂന്നു മണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വാക്കും വരയും നടക്കും. ജില്ലാ പൊലീസ് മേധാവി പി നിധിന്‍ രാജ് ഉദ്ഘാടനം ചെയ്യും.
കേരള പിറവി ദിനത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 73 സഹകരണ സംഘങ്ങളുടെ അങ്കണത്തില്‍ ഓര്‍മ്മ മരങ്ങള്‍ നടും. ജില്ലാതല ഉദ്ഘാടനം ഹൊസ്ദുര്‍ഗ്ഗ് സഹകരണ ബാങ്ക് പരിസരത്ത് നടക്കും. മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാന്‍ അഡ്വ. സോണി സെബാസ്റ്റിയന്‍ ബാങ്ക് പരിസരത്ത് മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങള്‍ക്ക് മാവിന്‍ തൈകള്‍ കൈമാറും.
നവംബര്‍ ഏഴിന് കുമ്പളയില്‍ നിന്ന് സഹകരണ പതാകയേന്തിയ 73 ബൈക്കുകള്‍ പങ്കെടുക്കുന്ന റാലി നടത്തും. രാവിലെ കുമ്പള സഹകരണ ബാങ്ക് പരിസരത്ത് എ കെ എം അഷറഫ് എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്യും. കുമ്പളയില്‍ നിന്ന് തുടങ്ങുന്ന റാലി കാഞ്ഞങ്ങാട് സമാപിക്കും. കാഞ്ഞങ്ങാട് നിന്ന് ഉച്ചയ്ക്ക് 2.30ന് തുടങ്ങുന്ന ബൈക്ക് റാലി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകിട്ട് നാലിന് തൃക്കരിപ്പൂരില്‍ സമാപിക്കും. സമാപന യോഗം സന്ദീപ് വാര്യര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
നവംബര്‍ 13ന് നീലേശ്വരം എച്ച് ഡി സി കോളേജിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് നടത്തും. രാവിലെ 10ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും.
19ന് കാഞ്ഞങ്ങാട്ട് ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വര്‍ണാഭമായ വിളംബര ജാഥ നടത്തും. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്യും.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ ആര്‍ ജയാനന്ദ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ വി സതീഷ് ചന്ദ്രന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ സി സുനില്‍ കുമാര്‍, പി വി രാജേഷ്, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ സി വിനോദ് കുമാര്‍, കെ രാജീവന്‍, പബ്ലിസിറ്റി ആന്റ് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പി കെ വിനോദ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.







