കാസര്‍കോട്: വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തിയ യുവാവ് വീട്ടമ്മയുടെ കഴുത്തില്‍ നിന്നു അഞ്ചു പവന്‍ സ്വര്‍ണമാല പൊട്ടിച്ചു രക്ഷപെട്ടതായി പരാതി. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കൊളത്തൂര്‍, അരമനപ്പടി ബാവിക്കരയടുക്കം അരിയില്‍ ഹൗസിലെ ബികെ കൃഷ്ണന്‍ നായരുടെ ഭാര്യ കെ ശുഭയാണ് പരാതിക്കാരി. ഇന്നലെ (ചൊവ്വ) വൈകുന്നേരം ആറുമണിയോടെ ഉണ്ടായ സംഭവം സംബന്ധിച്ച് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെ –
” വീടിന്റെ പിന്‍വശത്ത് കൂടിയാണ് പാന്റ്‌സും ടീ ഷര്‍ട്ടും ധരിച്ച് ഒരാള്‍ എത്തിയത്. വൈദ്യുതി ജീവനക്കാരനാണെന്നു പറഞ്ഞാണ് യുവാവ് എത്തിയത്. നേരം ഇരുട്ടിത്തുടങ്ങുന്നതിനിടയില്‍ യുവാവ് കുഴല്‍ കിണറിനു സമീപത്തെത്തി വയറുകള്‍ പരിശോധിച്ചു. ഈ സമയത്ത് സ്ഥലത്തെത്തിയ ശുഭയുടെ കഴുത്തില്‍ നിന്നു യുവാവ് അഞ്ചു പവന്‍ മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ നാലുപവന്‍ സ്വര്‍ണം അക്രമിയുടെ കൈയിലും ഒരു പവന്‍ ശുഭയുടെ കൈയിലുമായി. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുന്നതിനിടയില്‍ അക്രമി ഓടി രക്ഷപ്പെട്ടു”.
വിവരമറിഞ്ഞ് പൊലീസെത്തി വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.







