തൃക്കരിപ്പൂർ ഒളവറയിലെ രജനിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ  പ്രതികൾ കുറ്റക്കാർ;ശിക്ഷ ശനിയാഴ്ച വിധിക്കും; പ്രതികൾ കാമുകനും സുഹൃത്തും

കാസർകോട്: ചെറുവത്തൂരിലെ ഹോം നേഴ്സ് സേവനം നൽകുന്ന സ്ഥാപനത്തിന്‍റെ പാർട്ണർ തൃക്കരിപ്പൂർ ഒളവറയിലെ രജനിയെ കൊന്ന് കുഴിച്ചു മൂടിയ കേസിലെ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. കേസിലെ പ്രതികളായ രജനിയുടെ പാർട്ണറും നീലേശ്വരം കണിച്ചിറ സ്വദേശിയുമായ സതീശനും സുഹൃത്ത് മാഹി സ്വദേശി ബെന്നിയെയുമാണ്  കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച വിധിക്കും. 2014 സെപ്തംബർ 12 ന് പുലച്ചെയാണ് കൊലപാതകം നടന്നത്. ചെറുവത്തൂർ ബസ്റ്റാന്റിന് സമീപത്ത് രജനിയും സതീശനും ചേർന്ന് മദർ തെരേസ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഹോം നഴ്സിങ്ങ് സ്ഥാപനം നടത്തിയിരുന്നു. ഇവിടെ വെച്ചാണ് കൊല നടന്നത്. തന്നെ കല്യാണം കഴിക്കണമെന്ന് രജനി സതീശനോട്  ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ വാക്കേറ്റം നടക്കുകയും  സതീശന്റെ അടിയേറ്റ് രജനി ഡോറിന് തലയിടിച്ച് വീഴുകയും ചെയ്തു. പിന്നീട് സതീശൻ രജനിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുകയും സെപ്തംബർ 14 ന് പുലർച്ചെ ബെന്നിയുടെ സഹായത്തോടെ ഇവിടെ നിന്നും മൃതദേഹം എടുത്ത് സതീശൻ നേരത്തെ താമസിച്ചിരുന്ന കണിച്ചിറയിലെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ കുഴിച്ചു മൂടുകയായിരുന്നു. അന്ന് നീലേശ്വരം സി.ഐ. ആയിരുന്ന യു.പ്രേമന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി കുഴിച്ചിട്ട മൃതദേഹം കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പ്രൊസിക്യൂഷന് വേണ്ടി അഡ്വ. ഇ.ലോഹിതാക്ഷനും അഡ്വ.പി.രാഘവനും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page