മാന്‍ഡ്രേക്കായി പുഴയില്‍ നിന്ന് കിട്ടിയ പ്രതിമ; സ്‌റ്റേഷനില്‍ നിന്ന് ഒഴിവാന്‍ പൊലീസും

കണ്ണൂര്‍: ഒരാഴ്ച മുമ്പ് ഇരിട്ടി പുഴയുടെ ഭാഗമായ തന്തോട് പഴശ്ശി ജലാശയത്തില്‍ കണ്ടെത്തിയ ഗണേശ വിഗ്രഹവുമായി ബന്ധപ്പെട്ട ദുരൂഹതക്ക് വിരാമമാകുന്നു. ഇരിട്ടി സി.ഐ ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം പഴശ്ശി ജലാശയത്തില്‍ എത്താനിടയായ കാരണവും ഇത് ഇവിടെ എത്തിച്ചവരെപ്പറ്റിയുള്ള വിവരവും ലഭിക്കുന്നത്. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയ്ക്ക് സമാനമായ കഥയാണ് ഈ പ്രതിമക്കുപിന്നിലുമെന്നാണ് പൊലീസ്‌ പറയുന്നത്. 2010 ല്‍ ഇരിട്ടിയിലെ ഒരു ജ്വല്ലറി ഉടമ കണ്ണൂരില്‍ നടന്ന ഒരു ഫെയറില്‍ നിന്നും വിലക്ക് വാങ്ങിയതാണ് ഈ ലോഹ നിര്‍മ്മിതമായ ഗണേശ വിഗ്രഹം. 6,800 രൂപ വിലകൊടുത്തായിരുന്നു ഈ വിഗ്രഹം ഇയാള്‍ വാങ്ങിയത്. 2017 ല്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ പൂജക്കായി എത്തിയ മുഴക്കുന്ന് ക്ഷേത്രത്തിലെ കര്‍ണ്ണാടക സ്വദേശിയായ പൂജാരി ഈ പ്രതിമ തനിക്കു തരുമോ എന്ന് ജ്വലറി ഉടമയോട് ചോദിക്കുകയും അദ്ദേഹം പൂജാരിക്ക് പ്രതിമ കൈമാറുകയും ചെയ്തു. പൂജാരി പ്രതിമ വീട്ടിലേക്കു കൊണ്ടുവരികയും പിന്നീട് വിഗ്രഹത്തില്‍ പൂജകള്‍ നടത്തുകയും ചെയ്തു. ഇതിനിടയില്‍ വീട്ടില്‍ പല അനര്‍ത്ഥങ്ങളും ഉണ്ടായതോടെ പ്രതിമയെ വീട്ടിനകത്തുനിന്നും പുറത്തെ വരാന്തയിലേക്ക് മാറ്റി. രണ്ടാഴ്ചമുമ്പ് പഴയ സാധനങ്ങള്‍ എടുക്കാനായി വീട്ടില്‍ എത്തിയ പുന്നാട് സ്വദേശി വിഗ്രഹം കാണുകയും അത് തനിക്കു തരുമോ എന്ന് ചോദിക്കുകയും ചെയ്തു. താന്‍ സന്തോഷത്തോടെ വിഗ്രഹം ഇയാള്‍ക്ക് കൈമാറുകയായിരുന്നു എന്നാണ് പൂജാരി പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തിച്ചപ്പോള്‍ പല സംഭവങ്ങളും നടന്നു. ഇതേ തുടര്‍ന്ന് വിഗ്രഹം വീട്ടുകാര്‍ ആരും കാണാതെ ചകരിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചു. ഇതിന് ശേഷവും തന്റെ വീട്ടില്‍ പല അനര്‍ത്ഥങ്ങളും ഉണ്ടാവുകയും പ്രതിമ കാരണമാണ് ഇതെന്ന് ഉറപ്പിച്ച് രാത്രിയില്‍ വാഹനത്തില്‍ കയറ്റി പഴശ്ശി ജലാശയത്തില്‍ ഉപേക്ഷിക്കുകയായിരുന്നവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം ഇനി എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പൊലീസ്‌. പൂജാരിക്ക് തന്നെ കൈമാറാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page