കാസര്‍കോട്: പടന്ന കന്നുവീട് കടപ്പുറത്ത് മത്തിച്ചാകര. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരമാലകള്‍ക്കൊപ്പം മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്. ടണ്‍ കണക്കിന് മത്തിയാണ് ഈരീതിയില്‍ തീരത്തടിഞ്ഞത്. കണ്ട് നിന്നവര്‍ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നെ മത്തി വാരിക്കൂട്ടുന്ന തിരക്കിലായി. ചിലര്‍ വീഡിയോ എടുക്കുന്ന തിരക്കില്‍, മറ്റ് ചിലര്‍ മത്തി കവറുകളിലും കുട്ടകളിലും ബക്കറ്റിലും നിറക്കുന്ന വെപ്രാളത്തിലുമായിരുന്നു. കന്നുവീട് കടപ്പുറം മുതല്‍ തൃക്കരിപ്പൂര്‍ കടപ്പുറം വരെ മത്തി കരക്കടിഞ്ഞിരുന്നു. വല്ലപ്പോഴും ഉണ്ടാവാറുള്ള ഇത്തരം പ്രതിഭാസം കാണാന്‍ പലരും കടപ്പുറത്തെത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളമാണ് മത്സ്യം കരക്കടിഞ്ഞത്. നിലവില്‍ ഒരു കിലോ മത്തിയ്ക്ക് 250 മുതല്‍ 400 രൂപ വരെ വിലയുണ്ട് ഇപ്പോള്‍.







