കാസർകോട്: പട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം എസ് ഐയുടെ കൈയെല്ല് അടിച്ചു തകർത്ത സംഭവത്തിൽ ജില്ലാ പഞ്ചായത് അംഗം ഗോൾഡൺ റഹ്മാൻ അറസ്റ്റിൽ. യൂത്ത് ലീഗ് ജില്ലാ ജോയിന്‍റ് സെക്രട്ടറിയും മഞ്ചേശ്വരം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഗോൾഡൻ റഹ്മാൻ.ഇയാളെ കൂടാതെ റഷീദ്, അഫ്സൽ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരുമടക്കം അഞ്ച് ആളുകളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് എസ്.ഐ മൊഴി നൽകിയത്. മറ്റ് പ്രതികൾ ഒളിവിലാണ്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. മഞ്ചേശ്വരം എസ് ഐ അനൂപിനാണ് പരിക്കേറ്റത്. ഉപ്പള ടൗണിൽ ചിലർ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് അന്വേഷിക്കാൻ ചെന്നപ്പോഴായിരുന്നു അക്രമമെന്നാണ് എസ് ഐ യുടെ പരാതി. ഒരു സംഘം ആളുകൾ അടിച്ചും വാഹനത്തിന്റെ ഡോറിൽ കൈവെച്ച് ഒടിച്ചും പരിക്കേൽപ്പിച്ചുവെന്നാണ് എസ് ഐ യുടെ മൊഴി. കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു. പരിക്കേറ്റ എസ് ഐ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. മാരകമായി അടിച്ചു പരിക്കേൽപ്പിച്ചു എന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നതുമടക്കം ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേ സമയം താൻ സ്ഥലത്തുണ്ടായിരുന്നെന്നും അക്രമിച്ചിട്ടില്ലെന്നുമായിരുന്നു ഗോൾഡൻ റഹ്മാന്‍റെ വാദം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഗോൾഡൻ റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

ഇങ്ങനെയാണ് നേതാവെങ്കിൽ അണികളുടെ കാര്യം പറയാനുണ്ടോ