തിരുവനന്തപുരം:കൈതോലപ്പായയിൽ പണം കടത്തിയ നേതാവ് പിണറായി വിജയനാണെന്ന് വെളിപ്പെടുത്തി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. പായയിൽ പൊതിഞ്ഞ് പണം എറണാകുളത്തെ ദേശാഭിമാനി ഓഫീസിൽ നിന്ന് കൊണ്ട് പോയത് അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ ആയിരുന്നെന്നും എകെജി സെന്‍ററിൽ പണമെത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവാണെന്നും ജി ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. കോവളത്തെ ഹോട്ടലിൽ നിന്ന് ഒരേ വലിപ്പമുള്ള രണ്ട് കവറുകളിൽ പണവുമായി വന്നത് പിണറായാണെന്നും ശക്തിധരൻ ആരോപിക്കുന്നുണ്ട്. 2.35 കോടി രൂപ ദേശാഭിമാനി ഓഫീസിൽ നിന്നും എണ്ണിതിട്ടപ്പെടുത്തി പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി എന്നായിരുന്നു ശക്തിധരന്‍റെ ആദ്യ ആരോപണം. പേരു പരാമർശിക്കാതെയുള്ള ഈ ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ കൊടുക്കാൻ ശക്തിധരന് കഴിഞ്ഞിരുന്നില്ല. അതിനിടെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി കൈപ്പറ്റിയെന്ന് ആദായ നികുതി വകുപ്പിന്‍റെ തർക്ക പരിഹാര വിഭാഗം കണ്ടെത്തിയതിന് പിന്നാലെയാണ് ശക്തിധരൻ മുൻ ആരോപണത്തിൽ പുതിയ വെളിപ്പെടുത്തലുമായി വരുന്നത്. ശക്ധിധരന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം.