മഞ്ചേശ്വരം: 15 കൊല്ലം പഴക്കമുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം വീട്ടുപറമ്പില്‍ സൂക്ഷിച്ച നിലിയില്‍ കണ്ടെത്തി. കണ്വതീര്‍ഥ ബീച്ചിനു സമീപം വ്യക്തിയുടെ പുരയിടത്തിലെ ഷെഡില്‍നിന്നാണ് തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിഞ്ഞ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അസ്ഥികള്‍ കസ്റ്റഡിയിലെടുത്തു. സ്ഥലമുടമ കര്‍ണാടകയിലാണ് താമസം. പത്തേക്കറിലേറെ വരുന്ന തെങ്ങിന്‍ തോപ്പിലാണ് ഷെഡ്. നിലവില്‍ ഇവിടെ തൊഴിലാളികളാണ് താമസിക്കുന്നത്.
2007 ല്‍ മഞ്ചേശ്വരത്തിനു സമീപം തീരത്തടിഞ്ഞ തിമിംഗലത്തിന്റെ അസ്ഥികൂടം പറമ്പിലെത്തിച്ച് ഷെഡ് കെട്ടി സൂക്ഷിക്കുകയായിരുന്നു. തിമിംഗലത്തിന്റെ അസ്ഥി സൂക്ഷിക്കുന്നത് വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. അതേസമയം കൗതുകത്തിന്റെ പേരില്‍ സൂക്ഷിച്ചെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അസ്ഥികളുടെ 23 ഭാഗങ്ങളാണ് കണ്ടെത്തിയത്. തല്‍ക്കാലം ഇവിടെത്തന്നെ സൂക്ഷിക്കും. ഡിഎന്‍എ പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കാസര്‍കോട് റേഞ്ച് ഓഫിസര്‍ സോളമന്‍ കെ.ജോര്‍ജിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റര്‍മാരായ കെ.ബാബു, ആര്‍.ബാബു, ജയകുമാര്‍, ബിഎഫ്ഒ സുധീഷ്, നിവേദ്, അമല്‍ എന്നിവരാണ് അസ്ഥികള്‍ കസ്റ്റഡിയിലെടുത്തത്.