മഞ്ചേശ്വരത്ത് പൊലീസിനു നേരെ കല്ലേറ്; സംഭവം യുവാവിന്റെയും പെണ്‍സുഹൃത്തിന്റെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിൽ

കാസര്‍കോട്: ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കയറി യുവാവിന്റെയും പെണ്‍സുഹൃത്തിന്റെയും നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിനെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചു. രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജനുവരി 14ന് ഹൊസങ്കടിയിലെ ഒരു ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി ഉള്ളാള്‍, മൊണ്ടുഗോളിയിലെ മുഹമ്മദ് ഹനീഫ് (41), പെണ്‍സുഹൃത്ത് ദക്ഷിണ കന്നഡ, നാട്ടക്കല്ലിലെ ഇസ്രത്ത് (30) എന്നിവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ഭീഷണിപ്പെടുത്തിയകേസിലെ പ്രതിയായ മച്ചംപാടിയിലെ ഹൈദർ അലിയെ കസ്റ്റഡിയിലെ ടുക്കുന്നതിനിടയിലാണ് സംഭവം.യുവതി – യുവാക്കളുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശേഷം 5000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നാണ് ഹൈദരലി ഉൾപ്പെടെ ഉള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ്. പ്രസ്തുത കേസിൽ മഞ്ചേശ്വരം പൊലീസ് കടമ്പാര്‍, പിരാട് മൂലയിലെ കെ എ ആദിഷ് (40), ബഡാജെ, കജൂരിലെ മുഹമ്മദ് ഫൈസല്‍ (43), ഹൊസബെട്ടുവിലെ മൊയ്‌നുദ്ദീന്‍ സമാന്‍ (33) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഹൈദരലി ഒളിവിലായിരുന്നു. ഇയാള്‍ നാട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് ഐ കെ ആര്‍ ഉമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളിയാഴ്ച രാത്രി മച്ചംപാടിയില്‍ എത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഹൈദരലിയുടെ ഭാര്യ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന എട്ടോളം പേര്‍ പൊലീസ് സംഘത്തെ അക്രമിക്കുകയും കല്ലെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അക്രമത്തില്‍ എ എസ് ഐ സദന്‍, സിവില്‍ പൊലീസ് ഓഫീസറായ വന്ദന എന്നിവര്‍ക്കു പരിക്കേറ്റതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page