തിരുവന്തപുരം: പി.എസ്.സി അംഗീകരിച്ച ഗൺമെന്‍റ് കോളേജ് പ്രിൻസിപ്പൽമാരുടെ പട്ടികയിൽ ഇടപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച 43 പേരുടെ പട്ടികയെ കരട് പട്ടികയായി പരിഗണിച്ചാൽ മതിയെന്ന് മന്ത്രി നിർദേശിക്കുകയായിരുന്നു. അന്തിമ പട്ടികയിൽ നിന്ന് തഴയപ്പെട്ടവരെ കൂടെ ഉൾപ്പെടുത്തുന്നതിന് അപ്പീൽ കമ്മിറ്റിയെ നിയോഗിക്കാനായിരുന്നു മന്ത്രിയുടെ വിചിത്ര ഇടപെടൽ. 2022 നവംബർ 12 നാണ് മന്ത്രി ഇതു സംബന്ധിച്ച നിർദേശം നൽകിയതെന്ന വിവരാവകാശ രേഖകൾ പുറത്ത് വന്നു. പ്രിൻസിപ്പൽ നിയമനത്തിന് ആകെ 110 പേർ അപേക്ഷിച്ചിരുന്നെങ്കിലും യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ള 43 പേരെ സിലക്ഷൻ കമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പി.എസ്.സി അംഗം അദ്ധ്യക്ഷനായ പ്രമോഷൻ കമ്മിറ്റി അംഗീകാരവും നൽകി നിയമനത്തിനായി സർക്കാരിന് സമർപ്പിച്ച ശേഷമായിരുന്നു മന്ത്രിയുടെ ഇടപെടൽ. സിലക്ഷൻ കമ്മിറ്റി അംഗീകരിച്ച പട്ടികയെ കരട് പട്ടികയാക്കാൻ യു.ജി.സി ചട്ടങ്ങൾ അനുസരിച്ച് വ്യവസ്ഥയില്ലെന്നിരിക്കെയാണ് മന്ത്രിയുടെ ഇടപെടൽ. മന്ത്രിയുടെ നിർദേശമനുസരിച്ച് അന്തിമ പട്ടികയെ കരട് പട്ടികയാക്കി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പട്ടിക ജനുവരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.