നീലേശ്വരത്തിന്റെ റെയില്‍വേ വികസനത്തിന് സുരേഷ് ഗോപിയുടെ കരുത്ത്; അമൃത് ഭാരതിന് സ്റ്റോപ്പ് അനുവദിച്ചു, ഫ്‌ലാഗ് ഓഫ് ചടങ്ങിന് കേന്ദ്രമന്ത്രി നേരിട്ടെത്തും

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങളുമായി കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി വീണ്ടും സജീവമാകുന്നു. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന നാഗര്‍കോവില്‍-മംഗളൂരു-നാഗര്‍കോവില്‍ അമൃത് ഭാരത് പ്രതിവാര എക്‌സ്പ്രസിന് (16329/16330)കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചുകൊണ്ടു റെയില്‍വേ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു. നേട്ടത്തിന്റെ ഔദ്യോഗിക ഫ്‌ലാഗ് ഓഫ് ചടങ്ങിന് കേന്ദ്രമന്ത്രി നേരിട്ടെത്തും.
അഞ്ചുവര്‍ഷം മുമ്പ് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ആധുനികമായ കംഫര്‍ട്ട് സ്റ്റേഷന്‍ അനുവദിച്ചതും സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയായിരുന്നു. അന്ന് എം.പി ഫണ്ട് ഉപയോഗിച്ചായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മന്ത്രി കാണിക്കുന്ന ഈ പ്രത്യേക താല്‍പ്പര്യം നീലേശ്വരത്തെ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വലിയ ആവേശമാണ് പകരുന്നത്.
നീലേശ്വരം റെയില്‍വേ ഡെവലപ്പ്‌മെന്റ് കളക്റ്റീവ് മുഖ്യരക്ഷാധികാരി പി. മനോജ് കുമാര്‍ വഴി നല്‍കിയ നിവേദനത്തില്‍ സുരേഷ് ഗോപി റെയില്‍വേ മന്ത്രാലയത്തില്‍ നടത്തിയ സജീവമായ ഇടപെടലാണ് പുതിയ സ്റ്റോപ്പ് അനുവദിക്കുന്നതിലേക്ക് നയിച്ചത്. മെയ് 19 മുതല്‍ പുതിയ സമയക്രമമനുസരിച്ച് അമൃത് ഭാരത് സര്‍വീസ് നടത്തും. ഇതനുസരിച്ച് ട്രെയിന്‍ നമ്പര്‍ 16329 പുലര്‍ച്ചെ 01.37-നും, മടക്ക ട്രെയിന്‍ (16330) രാവിലെ 08.57-നും നീലേശ്വരത്ത് എത്തും.
അമൃത് ഭാരത് സ്റ്റോപ്പ് ഉറപ്പാക്കിയ കേന്ദ്രമന്ത്രിയെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പി. മനോജ് കുമാറിനെയും എന്‍.ആര്‍.ഡി.സി യോഗം അഭിനന്ദിച്ചു. പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിലും മന്ത്രിയുടെ ഇടപെടല്‍ തേടാന്‍ നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
എന്‍.ആര്‍.ഡി.സി പ്രസിഡന്റ് എന്‍. സദാശിവന്‍ അധ്യക്ഷത വഹിച്ചു . ഡോ. വി. സുരേശന്‍, പി.യു. ചന്ദ്രശേഖരന്‍, ബാബുരാജ്, കൗസല്യ സെക്രട്ടറി എം. വിനീത് ട്രഷറര്‍ സി.എം. സുരേഷ് കുമാര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page