തൊടുപുഴ: പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യ കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് നൗഷാദിനെ പൊലീസ് കണ്ടെത്തിയത്. ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വാർത്തയിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞു. ഭാര്യ ആളുകളെ കൊണ്ട് വന്ന് മർദ്ദിച്ചതായും ഭയത്താലാണ് ഭാര്യയുടെ അടുത്തേക്ക് പോകാതിരുന്നതെന്നും നൗഷാദ് വ്യക്തമാക്കി. ഡി.വൈ.എസ്.പി ഓഫീസിൽ എത്തിച്ച നൗഷാദിൽ നിന്ന് പൊലീസ് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പത്തനംതിട്ടയിലേക്ക് മടങ്ങാൻ താത്പര്യം ഇല്ലെന്ന് നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന സംശയത്തെ തുടർന്ന് ഭാര്യ അഫ്സാനയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 4 ഇടങ്ങളിൽ പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്ന് അഫ്സാനയെ പൊലീസ് റിമാൻഡ് ചെയ്തു. അഫ്നസാനക്ക് മാനസിക പ്രശ്നങ്ങളുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. നൗഷാദിന്‍റെ മാതാപിതാക്കളും അഫ്സാനക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഒന്നര വർഷത്തിലേറെയായി നൗഷാദിനെ കാണാനില്ലെന്ന് പിതാവ് തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.
