കാഞ്ഞങ്ങാട്: യൂത്ത് ലീഗ് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടയില്‍ മത സ്‌പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. പ്രായപൂര്‍ത്തിയാകാത്ത ആളടക്കം നാലുപേരെയാണ് ഇന്നലെയും ഇന്നുമായി പൊലീസ് അറസ്റ്റ് ചെയ്തത്.മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ തെക്കേപ്പുറത്തെ പി എം നൗഷാദ് (42), യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആറങ്ങാടിയിലെ സായ സമീര്‍ (35) എം എസ് എഫ് പ്രവര്‍ത്തകന്‍ ആവിയിലെ 17 കാരന്‍ എന്നിവരെ ഇന്നലെയും മഡിയന്‍, മാണിക്കോത്തെ മാട്ടുമ്മല്‍ ഹൗസിലെ കുഞ്ഞി അഹമ്മദി (50)നെ ഇന്നു രാവിലെയുമാണ് അറസ്റ്റു ചെയ്‌തത്. ഇന്നലെ അറസ്റ്റിലായവരെ ഹൊസ്‌ദുര്‍ഗ്ഗ് ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്‌ച്ചത്തേയ്‌ക്കു റിമാന്റു ചെയ്‌തു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് 300 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭത്തിൽ യൂത്ത് ലീഗ് , ലീഗ് നേതാക്കൾ ഖേദം പ്രകടിപ്പിച്ചെങ്കിലും സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ലീഗ് നേരിടുന്നത്. മതസ്പർദ്ദ ഉണ്ടാക്കും വിധം വാർത്തയും വിവരങ്ങളും പ്രചരിപ്പിച്ചതിന് വാട്സ് ആപ് , ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ 5 കേസുകൾ കൂടെ രജിസ്ട്രർ ചെയ്തു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിദ്വേഷ വീഡിയോ പോസ്റ്റ് ചെയ്തതിനാല്‍ ഗ്രൂപ്പ് അഡ്മിനെതിരെ സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുമ്പ് നിര്‍മ്മിച്ച ഒരു വീഡിയോ, വിദ്വേഷവും പ്രകോപനപരവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് കാഞ്ഞങ്ങാട് റാലിയിലെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കിയിരുന്നു. ജില്ലയിലെ സാഹചര്യം വിലയിരുത്താൻ ഡിജിപി കാസർകോട് എത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.