നൂറ്റാണ്ട് പഴക്കമുള്ള നാരാംകുളങ്ങര കുളത്തിന് പുനര്‍ജനി, കുളം നാടിന് സമര്‍പ്പിച്ചു

നീലേശ്വരം: നിര തെറ്റിയ പടവുകളും വര്‍ഷങ്ങളോളം കെട്ടി നിന്ന ചെളിയും നീക്കി ആഴം കൂട്ടി നവീകരിച്ചതോടെ കൊഴുന്തിലെ നാരാംകുളങ്ങര കുളത്തിന് പുനര്‍ജനി. അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുജ്ജീവിപ്പിച്ച കുളം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നാടിന് സമര്‍പ്പിച്ചു. ഒരു കാലത്ത് ജനങ്ങള്‍ക്ക് കുളിക്കാനും അലക്കാനും മാത്രമല്ല സമീപ പ്രദേശത്തെ കാര്‍ഷിക മേഖലയ്ക്ക് സമൃദ്ധമായി ജീവജലം പകരുന്നതിനും ഉപയോഗപ്പെട്ടിരുന്ന ജലസ്രോതസ്സായിരുന്നു നാരാംകുളം. പില്‍ക്കാലത്ത് അതിരുകള്‍ ഇടിഞ്ഞു താഴ്ന്നും ചെളിയും കല്ലുകളും നിറഞ്ഞും ജീര്‍ണാവസ്ഥയിലായ കുളം 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുജ്ജീവിപ്പിച്ചത്. കുളം നവീകരിക്കുക എന്നത് പ്രദേശവാസികളുടെ ഏറെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. പുറം പോക്കുഭൂമിയിലായതിനാല്‍ കുളം സംരക്ഷിക്കാന്‍ നഗരസഭയ്ക്ക് ഫണ്ട് അനുവദിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാലായി കുളവും ഉദ്ഘാടനത്തിന് ഒരുങ്ങിനില്‍ക്കുകയാണ്. മന്ദന്‍പുറം കുളത്തിന്റെ പുനരുജ്ജീവനം അടുത്തു തന്നെ പൂര്‍ത്തിയാകും. കൂടാതെ സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ് പുനരുജ്ജീവനം പൂര്‍ത്തീകരിച്ച് കൈമാറിയ അങ്കക്കളരി കുളവും വൈകാതെ നാടിന് സമര്‍പ്പിക്കും.
ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ടി.വി ശാന്ത അധ്യക്ഷയായി. നഗരസഭാ വൈസ് ചെയര്‍മാന്‍ പി. പി മുഹമ്മദ് റാഫി, വി.വി ഉപേന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ കെ.പി രവീന്ദ്രന്‍, ഷംസുദ്ദീന്‍ അറിഞ്ചിറ, പി. ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ ടി.വി ഷീബ, ഇ. ഷജീര്‍, റഫീക്ക് കോട്ടപ്പുറം, വി.അബൂബക്കര്‍, സെക്രട്ടറി കെ മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page