കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

കാസര്‍കോട്: കുമ്പള ദേശീയപാത സര്‍വ്വീസ് റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കൊലക്കേസ് പ്രതി മരിച്ചു. കുമ്പള, മാവിനക്കട്ടയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഹബീബ് എന്ന അഭിലാഷ് (31) ആണ് ഇന്ന് (വ്യാഴം) രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കാസര്‍കോട്, ചൗക്കി സ്വദേശിയാണ്.
മൂന്നു ദിവസം മുമ്പ് കുമ്പള ബദര്‍ ജുമാമസ്ജിദിനു സമീപത്ത് സര്‍വ്വീസ് റോഡരുകിലാണ് ഹബീബിനെ അവശനിലയില്‍ കണ്ടത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്തു ചെന്നിട്ടുണ്ടെന്ന കാര്യം വ്യക്തമായതെന്നു പൊലീസ് പറഞ്ഞു. നില ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് പരിയാരത്തേയ്ക്ക് മാറ്റിയത്. ചികിത്സ തുടരുന്നതിനിടയിലായിരുന്നു അന്ത്യം.
കുമ്പള, ശാന്തിപ്പള്ളം സ്വദേശിയായ സമൂസ റഷീദ് എന്നയാളെ 2023 ഒക്ടോബര്‍ മാസത്തില്‍ തലയ്ക്ക് കല്ലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹബീബ്.കുമ്പള ഐ എച്ച് ആര്‍ ഡി കോളേജിനു സമീപത്തെ ഗ്രൗണ്ടിലെ കുറ്റിക്കാട്ടിലാണ് കാസര്‍കോട്ടെ ഷാനു വധക്കേസില്‍ ഒന്നാം പ്രതിയായ സമൂസ റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. 2019ല്‍ ആണ് ഷാനു കൊല്ലപ്പെട്ടത്.കാസര്‍കോട് പൊലീസ് സ്റ്റേഷനു സമീപത്തെ നായക്‌സ് റോഡിനു സമീപത്തെ ആള്‍താമസമില്ലാത്ത പറമ്പിലെ കിണറിലാണ് ഷാനുവിന്റെ മൃതദേഹം കാണപ്പെട്ടത്. കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയെന്നാണ് പൊലീസ് കണ്ടെത്തിയത്. സമൂസ റഷീദ് കൊലക്കേസ് കൂടാതെ വധശ്രമം , തട്ടി കൊണ്ടുപോകൽ, കഞ്ചാവ് കടത്ത്, കാപ്പ കേസുകളിൽ പ്രതിയാണ് ഹബീബ് എന്ന അഭിലാഷെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page