കാസര്‍കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സ്വന്തമാക്കി പടന്നയിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍. ‘ന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയാണ് പൊതുപ്രവര്‍ത്തകനും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവും കൂടിയായ മാസ്റ്റര്‍ കാസര്‍കോടിന് വീണ്ടും അഭിമാനമായത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി
സംവിധാനം ചെയ്ത ചിത്രമാണ് ‘…ന്നാ താന്‍ കേസ് കൊട്..’ ഇതില്‍ ഹോസ്ദുര്‍ഗ്ഗ് കോടതിയിലെ മജിസ്‌ട്രേറ്റായാണ് ശ്രദ്ധനേടിയത്. തെരുവുകളിലും ക്ലബുകളിലും മാത്രം നാടകം കളിച്ച് പരിചയമുള്ള മാസ്റ്ററെ സിനിമയിലെത്തിച്ചത് നടന്‍ ഉണ്ണി രാജയാണ്. പതിനെട്ടാം വയസു മുതല്‍ നാടകം അഭിനയിച്ചു വരുന്ന കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ തടിയന്‍ കൊവ്വല്‍ മനീഷ തീയേറ്റേഴ്‌സ് തെരുവ് നാടകങ്ങളിലൂടെയാണ് സജീവമായത്. എകെജി കലാവേദി, മാണിയാട്ട് കോറസ് കലാസമിതി തുടങ്ങിയ ടീമിന്റെ ഒപ്പവും നാടകം അഭിനയിച്ചിരുന്നു. ജീവിതത്തിലും സരസനും ജനകീയനുമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ഹിന്ദി മാഷ്.