രണ്ട് ഇസ്രയേലികളെ കൂടി വിട്ടയച്ചു; മാനുഷിക കാരണങ്ങള്‍ പരിഗണിച്ചാണ് മോചിപ്പിച്ചതെന്ന് ഹമാസ്

ടെല്‍ അവീവ്: യുദ്ധം തുടരുന്നതിനിടെ രണ്ട് ബന്ദികളെ കൂടി വിട്ടയച്ചതായി ഹമാസ്. രണ്ട് ഇസ്രായേലി സ്ത്രീകളെ വിട്ടയച്ച കാര്യം ഇസ്രായേലും സ്ഥിരീകരിച്ചു. കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് വിട്ടയച്ചത്. അതേസമയം ഇവരുടെ ഭര്‍ത്താക്കന്മാര്‍ നിലവില്‍ തടവിലാണ്. റാഫ ബോര്‍ഡര്‍ വഴിയാണ് ബന്ദികളെ കൈമാറിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. നേരത്തെയും രണ്ട് ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥശ്രമങ്ങളെ തുടര്‍ന്നാണ് രണ്ടുപേരെ കൂടി മോചിപ്പിച്ചത്. മാനുഷിക കാരണങ്ങള്‍ പരിഗണിച്ചാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് ഹമാസ് പ്രതികരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടവരെയാണ് വിട്ടയച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രണ്ട് അമേരിക്കന്‍ പൗരന്മാരെയായിരുന്നു ഹമാസ് വിട്ടയച്ചത്. ഇതോടെ ഹമാസ് വിട്ടയച്ചവരുടെ എണ്ണം നാലായി. തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാന്‍ ഖത്തറിനോടും ഈജിപ്തിനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍-ഗാസ അതിര്‍ത്തിക്കടുത്തുള്ള നഹാല്‍ ഓസ് കിബ്ബട്ട്‌സില്‍ നിന്നാണ് അമേരിക്കന്‍ പൗരന്മാരായ അമ്മയെയും മകളെയും ഹമാസ് പിടികൂടിയത്. ബന്ദികളെ വിട്ടയച്ചപ്പോള്‍ മധ്യസ്ഥ രാജ്യങ്ങളുമായുണ്ടാക്കിയ ധാരണ ഇസ്രായേല്‍ ലംഘിച്ചെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളെ സ്വീകരിക്കാന്‍ ആദ്യം വിസ്സമ്മതിച്ചെന്നും വിമര്‍ശനമുണ്ട്. അതിനിടെ ഹമാസ് ബന്ദികളാക്കിയവരെ തേടി ഇസ്രായേല്‍ സൈനിക നീക്കം തുടങ്ങിയിട്ടുണ്ട്. ഹമാസ് 200ലധികം ആളുകളെ ബന്ദികളാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 50 പേരെ മോചിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെഡ് ക്രോസ് പ്രതിനിധികളുടെ ഇടപെടലില്‍ ഇരട്ട പൗരത്വമുള്ള ബന്ദികളെ മോചിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തെ തങ്ങള്‍ നേരിട്ടെന്ന് ഹമാസ് അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. യുദ്ധത്തില്‍ 1400 ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ അധികൃതരുടെ കണക്ക്. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 5000ത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. കൊല്ലപ്പെട്ടവരില്‍ പകുതിയോളവും കുട്ടികളാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page