കാറഡുക്ക സഹകരണ തട്ടിപ്പ്’ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു; തട്ടിപ്പ് കേന്ദ്രങ്ങളില്‍ നടുക്കം

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസ് അന്വേഷണം സംസ്ഥാന കൈംബ്രാഞ്ചിന് വിട്ടു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സംഘടിത സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും ഇനി കേസ് അന്വേഷിക്കുക. ഡിവൈ.എസ്.പി ബാബു പെരിങ്ങയത്തിനായിരിക്കും അന്വേഷണ ചുമതലയെന്നാണ് സൂചന. ആദൂര്‍ പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് ഉത്തരവായത്.
പണയ വസ്തുക്കള്‍ ഇല്ലാതെ സ്വര്‍ണ്ണ പണയ വായ്പയെടുത്തും ലോക്കറില്‍ നിന്ന് സ്വര്‍ണ്ണം കൈക്കലാക്കിയുമാണ് കാറഡുക്ക സൊസൈറ്റിയില്‍ തട്ടിപ്പ് നടത്തിയത്. കേരള ബാങ്കിന്റെ ക്യാഷ് ക്രെഡിറ്റില്‍ നിന്നും തുക മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയും തട്ടിപ്പ് നടത്തിയിരുന്നു. സംഘം സെക്രട്ടറിയായിരുന്ന കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ.രതീഷ് ആണ് കേസിലെ ഒന്നാം പ്രതി. കണ്ണൂര്‍ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബൂബക്കര്‍ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി ജബ്ബാര്‍, കോഴിക്കോട്ടെ സി. നബീല്‍ എന്നിവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. ഇവരും തട്ടിപ്പ് കേസിലെ മറ്റു പ്രതികളായ പള്ളിക്കര പഞ്ചായത്ത് അംഗവും പ്രാദേശിക മുസ്ലിം ലീഗ് നേതാവുമായ ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീര്‍, അമ്പലത്തറ ഏഴാംമൈലിലെ എ. അബ്ദുല്‍ ഗഫൂര്‍, അതിയാമ്പൂര്‍ നെല്ലിക്കാട്ടെ എ. അനില്‍ കുമാര്‍ എന്നിവരും റിമാന്റിലാണ്. സൊസൈറ്റിയില്‍ നിന്ന് തട്ടിപ്പിലൂടെ കൈക്കലാക്കിയ സ്വര്‍ണ്ണാഭരണങ്ങള്‍ വിവിധ ബാങ്കുകളില്‍ പണയപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം എന്തിന് വേണ്ടിയാണ് ഉപയോഗിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തട്ടിപ്പിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധം ഉണ്ടോയെന്നും സംശയമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഉത്തരവായത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page