ചാരിറ്റിയുടെ പേരിൽ വിദേശങ്ങളിൽ നിന്ന് പണം എത്തും; സർവീസ് ചാർജ് നൽകിയാൽ വൻ തുക കമ്മീഷൻ ആയി കിട്ടും; വാഗ്ദാനത്തിലൂടെ കബളിപ്പിക്കപ്പെട്ടത് നിരവധി വീട്ടമ്മമാർ; ഒരു കോടിയോളം രൂപ തട്ടിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ചാരിറ്റി സംഘടനയുടെ പേരിലായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂർ പേരൂർ 101 കവല ശങ്കരാമലയിൽ വീട്ടിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൽകൂന്തൽ ചേമ്പളം കിഴക്കേകൊഴുവനാൽ വീട്ടിൽ ജെസി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെയാണ് കബളിപ്പിച്ചത്. എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങൾക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്സായും സർവീസ്ചാർജായും പണം അടയ്ക്കുന്നതിന് പൈസ തന്നാൽ ലക്ഷക്കണക്കിന് രൂപ കമ്മീഷൻ തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ഇവരുടെ വാക്കിൽ പല വീട്ടമ്മമാരും വീണുപോയി.
ഇതിനായി പലതവണകളായി ഒരു കോടിയിൽപരം രൂപ തട്ടിയെടുക്കുകയായിരുന്നു. നാളുകൾക്കു ശേഷം ഇവർ പണം തിരികെ നൽകാതെ കബളിപ്പിക്കാൻ തുടങ്ങിയതോടെയാണ് വീട്ടമ്മമാർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page