വിവാഹത്തിന്റെ പുതുമോടിയില്‍യാത്ര മറന്നപ്പോള്‍…

അതിരേത് ഭാഗം-4

മനസ്സില്‍ അലയടിക്കുന്ന സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു ആ രാത്രിയെനിക്ക് ഉറക്കം വന്നതേയില്ല. നാളെ നേരം പുലരുമ്പോള്‍ ചിറകില്ലാതെ ഞാന്‍ പറക്കാന്‍ പോവുകയാണ്. എന്നോ തുന്നിച്ചേര്‍ത്ത സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുകയാണ്. ഓര്‍ക്കുമ്പോ പിന്നെയും കുളിര് കോരുന്നൊരു സുഖം.
അനുഭവിച്ച വേദനകളില്‍ നിന്നും യാതനകളില്‍ നിന്നും ഇനിയെങ്കിലും ഒരു മോചനമുണ്ടായാല്‍ മതിയായിരുന്നു. തരുന്ന സന്തോഷങ്ങള്‍ക്കിടയിലും ഈ ബോംബെ നഗരം അത്രമേല്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. മുറിപ്പെടുത്തിയിട്ടുണ്ട്.
രാവിലെ മുതല്‍ രാത്രിവരെ പൊരിവെയില്‍ കിടന്ന് ദിവസങ്ങളോളം പണിയെടുത്ത്, കയ്യില്‍ കിട്ടിയ കാശ് നിധിപോലെ കരുതി അടച്ചു വയ്ക്കുമ്പോഴായിരിക്കും മറാഠി ഗുണ്ടകളുടെ കടന്ന് വരവ്. ചോദിച്ചാല്‍ അവര്‍ക്ക് പണം കിട്ടിണം. അല്ലെങ്കില്‍ കള്ളനെന്ന് ആക്ഷേപിക്കും. തോന്നിയ പോലെ ദേഹോപദ്രവങ്ങളേല്‍പ്പിക്കും. കാരണങ്ങള്‍ തിരക്കാനോ എതിര്‍ക്കാനോ കഴിയില്ല.
എങ്ങും രക്തക്കറകള്‍ മാത്രം കാണുന്ന ബോംബെ അധോലോകത്തിന്റെ കീരിടം വെക്കാത്ത രാജാക്കന്മാരുടെ ശിങ്കിടികളാണവര്‍. അത് കൊണ്ട് തന്നെ ആരും അവരെ എതിര്‍ക്കാറില്ല. പക്ഷെ അന്ന് സഹികെട്ടപ്പൊ പണം തരില്ലെന്ന് ഞാന്‍ മുഖത്ത് നോക്കി പറഞ്ഞു. അതിന് അവരെന്നെ സംഘം ചേര്‍ന്ന് പൊതിരെ തല്ലി. മൂര്‍ച്ഛയുള്ള കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കള്ളനെന്ന് ഉറക്കെ വിളിച്ചു കൊണ്ട് അട്ടഹസിച്ചു. നിസ്സഹായരായ മനുഷ്യന്റെ പച്ചയിറച്ചി തിന്നുന്ന പിശാചുക്കളാണവര്‍. അവര്‍ക്ക് ഹൃദയമില്ല. പകരം കറുത്തിരുണ്ട ഒരു മാംസക്കഷ്ണം മാത്രമാണ് ഹൃദയമെന്ന പേരില്‍ ദൈവം നല്‍കിട്ടുള്ളതെന്ന് തോന്നുന്നു.
അത്രമേല്‍ നീചമാണ് അവരുടെ പ്രവര്‍ത്തികള്‍. യാചകരെ പോലും അവര്‍ വെറുതെ വിടാറില്ല. എതിര്‍ക്കുന്നവരെ കാല്‍ കീഴിലിട്ട് ചവിട്ടി മെരുക്കും. എത്ര തവണ എത്ര കാരണങ്ങള്‍ കൊണ്ട് ഞാനവരുടെ ആക്രമണത്തിന് ഇരയായിരിക്കുന്നു. ഓര്‍ക്കുമ്പോ ഇപ്പോഴും ശരീരം നുറുങ്ങുന്ന വേദന തോന്നും. പുലര്‍ച്ചെ നാല് മണിക്കായിരുന്നു വിമാനം.
യാത്ര ചിലവുകളോ ടിക്കറ്റിന്റെ പണമോ ഒന്നും ആവശ്യമില്ല എല്ലാം കമ്പനി വക സൗജന്യമാണ്.അങ്ങനെ അന്ന് വരെ എന്നെ ഊട്ടിയ ഉറക്കിയ കൈ പിടിച്ചുയര്‍ത്തിയ ആ മഹാനഗരത്തിനോട് ഞാനെന്നന്നേക്കുമായി യാത്ര പറഞ്ഞു. പക്ഷെ പറന്നുയരുമ്പോ എവിടെയോ ഒരു നോവ് തോന്നിയിരുന്നു.
എങ്കിലും ആ യാത്രയിലുട നീളം കണ്മുന്നിലെ ആകാശനീലിമയില്‍ മയങ്ങി ഞാനൊരായിരം സ്വപ്‌നങ്ങള്‍ കൂട്ടിയിരുന്നു. നല്ലൊരു വീട് ഉമ്മാക്ക് ഒരു സ്വര്‍ണ്ണമാല. പെങ്ങന്മാര്‍ക്ക് ഗള്‍ഫ്കാരുടെ മനം മയക്കുന്ന അത്തര്‍ കുപ്പികളോടും പാവാട ശീലകളോടും പണ്ടേ വല്ലാത്ത മുഹബത്തായിരുന്നു. അവരുടെ ആഗ്രഹം തീരും വരെ എല്ലാം നല്‍കണം. ഗള്‍ഫുകാരനായി തലയുയര്‍ത്തി പിടിച്ച്, നാട്ടിലേക്ക് മടങ്ങണം. അങ്ങനെയങ്ങനെ ഒരായിരം സ്വപ്‌നങ്ങള്‍.
അവിടെയെത്തി പിറ്റേന്ന് തന്നെ ജോലിയില്‍ പ്രവേശിച്ചു. നല്ല മനുഷ്യര്‍. നല്ല ഇടം നല്ല ജോലി. എല്ലാം നല്ലത്.
അതിനിടയില്‍ ഒരുപാട് നല്ല സൗഹൃദങ്ങളുണ്ടായി. പല ഭാഷയിലെയും പാണ്ഡിത്യം കൊണ്ട് പെട്ടെന്ന് തന്നെ ഞാന്‍ അവര്‍ക്കിടയില്‍ പരിചയ സമ്പന്നനായി മാറി. വല്യ വല്യ ഉദ്യോഗസ്ഥന്മാര്‍, ഓഫീസര്‍ അങ്ങനെ പലരും എന്റെ സൗഹൃദങ്ങളില്‍ ഇടം പിടിച്ചു.
ജിദ്ദയിലെ മിലിറ്ററി ഹോസ്പിറ്റലിലായിരുന്നു ജോലി. അത്യാവശ്യം നല്ല ശമ്പളവും താമസ സൗകര്യങ്ങളുമുണ്ടായിരുന്നു. അങ്ങനെ സന്തോഷകരമായ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കടന്ന് പോയി. വീട് അത്യാവശ്യമൊന്ന് പുതുക്കി പണിതു നല്ല സൗകര്യങ്ങള്‍ ഒരുക്കി. ഒക്കത്തിനും ഒരടുക്കും ചിട്ടയും വരുത്തി. അപ്പോഴേക്കും പ്രായം പലതും മോഹിക്കാന്‍ തുടങ്ങിയിരുന്നു. മെലിഞ്ഞുണങ്ങി എല്ലുന്തിയ ചാവാലി ചെറുക്കനില്‍ നിന്നും തടിച്ചുരുണ്ട് നല്ലൊരു യുവാവായി മാറിയിരിക്കുന്നു. എനിക്കെന്നൊരു ജീവിതവും എനിക്ക് മാത്രമായൊരു കൂട്ടും മനസ്സ് മോഹിക്കാന്‍ തുടങ്ങിയിരുന്നു.
എങ്കിലും ആ മോഹത്തിന് ഒരു യോഗ്യത വേണമെന്ന് മുമ്പേ നിശ്ചയിച്ചിരുന്നു. ദാരിദ്ര്യം അത് തന്നെയാണ് എന്റെ മണവാട്ടിയാകാന്‍ പോകുന്നവള്‍ക്ക് ആകെ വേണ്ടുന്ന യോഗ്യത. ഉണ്ണാനും ഉടുക്കാനുമില്ലാത്തവളാകണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ ഖല്‍ബില്‍ നിറയെ മോഹങ്ങളും കയ്യില്‍ നിറയെ ഗള്‍ഫ് പെട്ടികളുമായി ഞാന്‍ നാട്ടില്‍ പറന്നിറങ്ങി. കാണുന്നവര്‍ക്ക് മുഴുവന്‍ ഗള്‍ഫുകാരനെന്ന ബഹുമാനവും ആദരവും.പരിഹസിച്ചവരും അപമാനിച്ചവരും വരെ കുശലം ചോദിക്കാന്‍ തിരക്കും കൂട്ടുന്നു. എത്ര മഹനീയമായ കാഴ്ച അല്ലെ.
അതെ…
പണം തന്നെയാണ് മനുഷ്യനെ വിലയുള്ളവനാക്കുന്നതും, അടിയാളനാക്കുന്നതും. ഒടുവില്‍ ജീവിതം സ്വപ്‌നം കാണാന്‍ പോലും പേടിക്കുന്നൊരുവളെ തന്നെ ഞാനെന്റെ മഹറിന് അവകാശിയാക്കി. ഗള്‍ഫുകാരന്റെ വിവാഹമല്ലേ, കെങ്കേമമാക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധം. ആയിക്കോട്ടെന്ന് ഞാനും കരുതി. കടം വാങ്ങിയും ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും, വിവാഹം ആഡംബരമാക്കി. പുതിയ ജീവിതം പുതിയ സാഹചര്യം കൂട്ടിന് പുതിയൊരാള്‍. സത്യത്തില്‍ ജീവിതമെന്താണെന്നറിഞ്ഞു കൊണ്ട് അന്ന് ഞാന്‍ അതാവോളം ആസ്വദിക്കുകയായിരുന്നു. അങ്ങനെ വിരലിലെണ്ണാവുന്ന ദാമ്പത്യ ജീവിതത്തിന് മനസ്സില്ലാമനസ്സോടെ വിടപറഞ്ഞു കൊണ്ട് എന്റെ നാടിനോടും വീടിനോടും പ്രിയപ്പെട്ടവളോടും യാത്ര പറഞ്ഞു കൊണ്ട് വീണ്ടും മണലാരണ്യത്തിലേക്ക് യാത്ര തിരിച്ചു.
പതിനഞ്ചു ദിവസത്തെ ലീവായിരുന്നു കമ്പനി അനുവദിച്ചിട്ടുണ്ടായിരുന്നത്. പക്ഷെ പുതുമോടിയുടെ ആനന്ദത്തില്‍ ഞാനത് മറന്ന് പോയിരുന്നു. പതിനഞ്ച് എന്നതില്‍ നിന്ന് മാറി പതിനാറാമത്തെ ദിവസമായിരുന്നു ഞാന്‍ വിമാനം കയറാന്‍ എയര്‍പോര്‍ട്ടിലേക്ക് പോയത്.
പക്ഷെ പാതി വഴിയില്‍ നിന്ന് എന്റെ ഹൃദയം തകര്‍ക്കുന്നൊരു മെസ്സേജ് കമ്പനിയില്‍ നിന്നും എനിക്ക് ലഭിക്കുകയുണ്ടായി. പറഞ്ഞ ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തത് കൊണ്ട് താങ്കളെ ഈ ജോലില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്നു. ജോലി ചെയ്തു വീട്ടാലോയെന്ന പ്രതീക്ഷയിലാണ് പലരോടും കടം വാങ്ങിയതും അവരത് നല്‍കിയതും. ഇന്നോളം സാമ്പാദിച്ചതെല്ലാം ചിലവാക്കുകയും ചെയ്തു. വീട് സ്വര്‍ണ്ണം വസ്ത്രം അങ്ങനെ പലതിലും അത് കലങ്ങി തീര്‍ന്നിരുന്നു. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഇനി വിമാനം കയറിട്ട് ഒരു കാര്യവുമില്ല. വീണ്ടും വീട്ടിലേക്ക് തന്നെ മടക്കം. ആ നിമിഷം ലോകത്തുള്ള സകല ദൈവങ്ങളോടും എനിക്ക് വെറുപ്പ് തോന്നി.
ഓരോ തവണ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോഴും പിന്നെയും പിന്നെയും ഭൂമിയിലേക്ക് അടിച്ചു താഴ്ത്തുകയാണ്. അതിന് മാത്രം എന്ത് തെറ്റാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ദാരിദ്ര്യം കൊണ്ട് പരീക്ഷിച്ചപ്പോഴും കണ്മുന്നില്‍ കിടത്തി പട്ടിണികിട്ട് സ്വന്തം കൂടപ്പിറപ്പിനെ തിരികെ വിളിച്ചപ്പോഴും പരാതി പറഞ്ഞിട്ടില്ല ശാപവാക്ക് പൊഴിച്ചിട്ടില്ല.
എന്നിട്ടും ഓടി. പറ്റാവുന്ന വേഗത്തില്‍. ഒടുവിലിതാ വീണ്ടും തളര്‍ത്തിയിട്ടിരിക്കുന്നു. ഉച്ചത്തില്‍ ഒന്നാര്‍ത്തു വിളിച്ചു അലറി കരയണമെന്നുണ്ടായിരുന്നു. പക്ഷെ വേദനയടക്കി ശീലിച്ചത് കൊണ്ട് ഉള്ളില്‍ തന്നെ ഒക്കെ ഒതുക്കി തീര്‍ത്തു. വീണ്ടും ഹോട്ടലിലെ എച്ചില്‍ പാത്രങ്ങളിലേക്കും പലചരക്ക് കടയിലെ തൂക്കി കൊടുപ്പുകാരനിലേക്കും യാത്ര തിരിച്ചു.
ഇപ്പോ ഒരു വയര്‍ കൂടെ കൂടിയിരിക്കുന്നു. ഒരായിരം സ്വപ്‌നങ്ങളുമായി എന്റെ കൈ പിടിച്ചവളാണ് പട്ടിണിക്കിടാന്‍ വയ്യല്ലോ. തട്ടിയും മുട്ടിയും വീണ്ടും എങ്ങനെയൊക്കെയോ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. പക്ഷെ ഒരു ദിവസം പടച്ചവനെന്റെ നേരം പുലര്‍ത്തിയത് കട്ടിലില്‍ പ്രിയപ്പെട്ടവളെ തളച്ചിട്ട് കൊണ്ടായിരുന്നു. അവളെയും കയ്യിലെടുത്ത് ആശുപത്രി വരാന്തയിലേക്കോടുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു.
നിരവധി പരിശോധനകള്‍ക്ക് ശേഷം, കീറി മുറിക്കാതെ മറ്റൊരു വഴിയുമില്ലെന്ന് പറഞ്ഞു ഡോക്ടര്‍മാര്‍ എനിക്ക് മുന്നില്‍ കൈ മലര്‍ത്തി. ഉള്ളാകെ പൊള്ളിനില്‍ക്കുന്നവന്റെ മേലിലേക്ക് വീണ്ടും ആരോ തീ കോരിയിട്ട അതേ അവസ്ഥ. വയറ്റില്‍ എന്തോ ഒരു മുഴ വളരുന്നു. ലക്ഷങ്ങള്‍ വേണം കീറിയെടുക്കാന്‍. അന്നന്ന് കിട്ടുന്നത് കൊണ്ട് അടുപ്പ് പുകയുന്നവനോടാണ് ലക്ഷങ്ങളുടെ കണക്ക് പറഞ്ഞത്. ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിയ നിമിഷം. കരകയറിയെന്ന് കരുതിയവനോട് വീണ്ടും ഒരു കടല്‍ കാണിച്ച് നീന്താന്‍ പറഞ്ഞിരിക്കുന്നു. എത്ര നീതിമാനാണല്ലേ നമ്മുടെ ദൈവം. വിധിയെന്ന് കരുതി മരണത്തിന് വിട്ട് കൊടുക്കാനും വയ്യ. ഒരിക്കല്‍ മടിയില്‍ കിടന്ന് പിടിഞ്ഞു മരിച്ചവളുടെ റൂഹിന്റെ ചൂട് കൈവെള്ള ഇപ്പോഴും പൊള്ളിക്കാറുണ്ട്. ഞങ്ങള്‍ ജീവിച്ചു തുടങ്ങിയിട്ടേയുള്ളൂ, കൊതി മാറിയിട്ടില്ല. ഒരുമിച്ചു നെയ്ത സ്വപ്‌നങ്ങളും മോഹങ്ങളും മുന്നിലിങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്. പ്രതിവിധി തേടിയുള്ള ഓട്ടത്തിനിടയില്‍ ആരുടെയോ നാവിന്‍ തുമ്പില്‍ നിന്ന് വീണ് കിട്ടിയ നഗരമാണ് കോയമ്പത്തൂര്‍. അവിടെ ചികിത്സ സൗജന്യമാണെന്ന് കൂടെ അറിഞ്ഞപ്പോ മറ്റൊന്നും ആലോചിച്ചില്ല. അവളെയും കൊണ്ട് ഞാനാ നഗരത്തിലേക്ക് ചേക്കേറി. കയ്യില്‍ ഉണ്ടായിരുന്നത് എണ്ണി തിട്ടപ്പെടുത്തിയ അല്‍പം കാശും മനോധൈര്യവും മാത്രമാണ്.
ഹോസ്പിറ്റല്‍ കണ്ടെത്തുകയും ചികിത്സയ്ക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്തു. പക്ഷേ ജീവിതം വീണ്ടും വഴിമുട്ടി നില്‍ക്കുകയാണ്. എവിടെ തുടങ്ങണമെന്നോ എവിടെ അവസാനിപ്പിക്കണമെന്നോ അറിയില്ല. ആ അവസ്ഥയില്‍ അവളെയും കൊണ്ട് നാട്ടിലേക്ക് തിരിച്ചുപോക്കും തനിക്ക് സാധ്യമല്ലായിരുന്നു.
ഒരു രാത്രി മുഴുവന്‍ ആ തെരുവിന്റെ ഓരത്തിരുന്ന് ഞാന്‍ ശൂന്യതയിലേക്ക് നോക്കുകയായിരുന്നു.
കണ്ണടച്ചാലും തുറന്നാലും, കയറിപ്പെടാന്‍ കഴിയാത്തത്ര ഉയരത്തില്‍ വലിയൊരു മതില്‍ക്കെട്ടും, കണ്ണുകള്‍ മങ്ങി പോകുന്ന ഇരുട്ടും മാത്രമായിരുന്നു മുന്നില്‍. എങ്കിലും പിറ്റേന്ന് സൂര്യനുദിച്ചത് ഒരു നല്ല കാഴ്ചയിലേക്കായിരുന്നു. തെരുവോരത്ത് കൂണ് പോലെ പൊന്തി നില്‍ക്കുന്ന വഴിയോരക്കച്ചവടങ്ങള്‍. അവളുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഒരു മഹറ് മാല മാത്രമാണ് എനിക്ക് മുന്നിലുണ്ടായിരുന്നു ഏക വഴി. അതുകൊണ്ടുതന്നെ അത് വിറ്റ് കിട്ടിയ കാശുകൊണ്ട് ഞാനൊരു ചായക്കട തുടങ്ങി. ഹോട്ടലുകളുടെ അടുക്കളപ്പുറങ്ങളില്‍ വര്‍ഷങ്ങളോളം നിരങ്ങിയത് കൊണ്ട് തന്നെ അതിന്റെ ചിട്ടവട്ടങ്ങളൊക്കെ എനിക്ക് നന്നായി അറിയാമായിരുന്നു. അതിന്റെ പിന്നില്‍ ഒരു ചായ്പ്പ് പോലെ ഓലകൊണ്ട് മറച്ച് അവള്‍ക്കും ഞാനൊരിടം കണ്ടെത്തി.
തല്‍ക്കാലം ചികിത്സിക്കാനും പട്ടിണിയില്ലാതെ കഴിച്ചു കൂടാനും അതല്ലാതെ എനിക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page