കണ്ണൂര്‍: വശീകരണ ബാധയകറ്റാന്‍ എന്ന പേരില്‍ പൂജയ്ക്കെത്തിയ വീട്ടില്‍ 19 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മടയന് അറസ്റ്റിലായി. മുട്ടന്നൂര് മടപ്പുരയിലെ രമേശന് മടയനെ (59)യാണ് എടക്കാട് സി.ഐ ശംഭുനാഥ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ എടക്കാട് പൊലീസ് പരിധിയിലെ ഒരു വീട്ടിലായിരുന്നു പീഡനശ്രമം അരങ്ങേറിയത്. നേരത്തെ കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ വശീകരിച്ച് കൊണ്ടുപോയതാണെന്ന നിഗമനത്തില്‍ വീട്ടുകാര്‍ പൂജയ്ക്ക് തീരുമാനിച്ചത്. വശീകരണബാധ ഒഴിവാക്കാന്‍ പൂജ കൊണ്ട് സാധിക്കുമെന്ന് രമേശന് മടയന് നിര്‍ദേശിക്കുകയായിരുന്നുവത്രെ. ഇതനുസരിച്ച് വീട്ടിലെത്തിയ ഇയാള്‍ ആദ്യം പെണ്‍കുട്ടിയുടെ മാതാവിനെ പൂജയ്ക്കിരുത്തി മന്ത്രങ്ങള്‍ ഉരുവിട്ട് വീട്ടുകാരുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയുടെ മുറിയില്‍ പ്രവേശിച്ച് വാതിലടച്ച് ഇയാള്‍ പൂജ തുടങ്ങിയത്രെ. അല്പം കഴിഞ്ഞതോടെ പെണ്‍കുട്ടി നിലവിളിച്ചപ്പോഴാണ് വീട്ടുകാര്‍ ഇടപെട്ട് വാതില്‍ തുറപ്പിച്ചത്. പൂജാരി തന്നെ കയറിപ്പിടിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അന്ധവിശ്വാസങ്ങളുടെ പേരില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും അവഗണിച്ച് ഇത്തരം പൂജയ്ക്ക് സമ്മര്‍ദം ചെലുത്തുന്നയാളാണത്രെ രമേശന്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി.