കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്പെഷ്യല്‍ പൊലീസായി സേവനം ചെയ്തവര്‍ക്ക് പ്രതിഫലം കിട്ടിയില്ല. സാധാരണ നിലയില്‍ പോളിംഗ് ദിവസം ബൂത്തില്‍ വെച്ച് തന്നെ പ്രതിഫലം നല്‍കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടന്ന് ആറു ദിവസം കഴിഞ്ഞിട്ടും പ്രതിഫലം നല്‍കിയിട്ടില്ല. പ്രതിഫലത്തിനായി ഓരോ ദിവസവും പൊലീസ് സ്റ്റേഷന്റെ പടികള്‍ കയറിയിറങ്ങുകയാണ് സ്പെഷ്യല്‍ പൊലീസുകാര്‍. ഒരു ദിവസം 1300 രൂപയാണ് സ്പെഷ്യല്‍ പൊലീസിന്റെ വേതനം. രണ്ടുദിവസത്തെ വേതനമാണ് ഓരോരുത്തര്‍ക്കും ലഭിക്കേണ്ടത്. 2600 രൂപ ലഭിക്കേണ്ട സ്ഥാനത്ത് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും സ്പെഷ്യല്‍ പൊലീസായി സേവനം നല്കിയവര് പരാതിപ്പെടുന്നു. കാസര്‍കോട് പൊലീസ് സബ്ഡിവിഷന് പരിധിയില്‍ സ്പെഷ്യല്‍ പൊലീസായി സേവനം ചെയ്തവരാണ് പരാതിയുമായി രംഗത്തു വന്നിട്ടുള്ളത്. മഞ്ചേശ്വരത്ത് 105 പേരും കുമ്പളയില്‍ 75 പേരും ബദിയടുക്കയില്‍ 50 പേരും കാസര്‍കോട് 50 പേരും വിദ്യാനഗറില്‍ 45 പേരുമാണ് സ്പെഷ്യല്‍ പൊലീസായി സേവനം ചെയ്തത്.