സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; മിക്ക ബൂത്തുകളിലും രാവിലെ മുതൽ തന്നെ തിരക്ക്; പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി, വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക്, എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അടക്കമുളളവർ പോളിംഗ് ബൂത്തിലെത്തി. വി ഡി സതീശന് എറണാകുളത്താണ് വോട്ട്. കാസർകോട് എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ ക്ലായിക്കോട് ജി യു പി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പടന്നക്കാട് എസ് എൻ യു പി സ്കൂളിലും എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനി കൊടലമെഗറു വാണി വിജയ പ്രൈമറി സ്കൂളിലും വോട്ട് രേഖപ്പെടത്തി. ഉള്ളിൽ ചങ്കിടിപ്പുണ്ടെങ്കിലും പുറത്ത് വലിയ ആത്മവിശ്വാസമാണ് മൂന്ന് മുന്നണികൾക്കും.
വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിങിൽ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. രാവിലെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി.
പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടര്‍ന്ന് മോക്ക് പോളിങ് വൈകി. പുതിയ മെഷീൻ എത്തിക്കാൻ നടപടി തുടങ്ങി. പത്തനംതിട്ട നഗരസഭ 215 ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറ് സംഭവിച്ചു. കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ 1 ൽ വോട്ടിംങ് മെഷീൻ തകരാറിൽ, മോക്പോൾ സമയത്താണ് ശ്രദ്ധയിൽപ്പെട്ടത്. പുതിയ മെഷീൻ ഉടൻ എത്തിക്കും.
കോഴിക്കോട് നടക്കാവ് സ്കൂൾ 51, 53 ബൂത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തകരാറിലായി. മോക്ക് പോളിനിടെയാണ് തകരാറ് കണ്ടെത്തിയത്. മെഷീൻ മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃക്കാക്കര വില്ലജ് ഓഫീസ് പോളിങ് സ്റ്റേഷൻ 91 നമ്പർ ബൂത്തിൽ വിവിപാറ്റിന് തകരാറ് കണ്ടെത്തി. ഇതേതുടര്‍ന്ന് മെഷീൻ മാറ്റാൻ നടപടി തുടങ്ങി.കാഞ്ഞങ്ങാട് നഗരസഭയിലെ 12-ാം വാർഡ് 145-ാം നമ്പർ ബൂത്തിൽ തോയമ്മൽ സാംസ്കാരിക നിലയത്തിൽ വോട്ടിങ് ആരംഭിച്ചിട്ടില്ല.വോട്ടിങ് മെഷിൻ സംബന്ധിച്ച തകരാർ ആണെന്ന് പറയുന്നു. രാവിലെ 6.30 മുതൽ വോട്ടർമാരുടെ നീണ്ട നിരയുണ്ട്.
കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കർണാടകയിൽ 14 സീറ്റിലും രാജസ്ഥാനിൽ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബം​ഗാൾ, ഛത്തീസ്​ഗഢ് എന്നി‌വിടങ്ങളിൽ മൂന്നി‌ടത്തും ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് തെരഞ്ഞെടുപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page